Site iconSite icon Janayugom Online

ഭിന്നശേഷി സൗഹൃദം; പുരസ്കാര നിറവിൽ ആലപ്പുഴ

ദൈനംദിന ജീവിതത്തിൽ പലവിധ വെല്ലുവിളികൾ നേരിടുന്ന ജില്ലയിലെ ഭിന്നശേഷിക്കാരെ സഹാനുഭൂതിയോടെ ചേർത്തുപിടിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഭിന്നശേഷി പുരസ്കാരത്തിന് ആലപ്പുഴ ജില്ലാ പഞ്ചായത്തിനെ അർഹമാക്കിയത്. ഭിന്നശേഷി സൗഹൃദപ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴക്ക് ഒരു ലക്ഷം രൂപയുടെ പുരസ്കാരമാണ് ലഭിക്കുന്നത്. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവാണ്ഇന്നലെ തിരുവനന്തപുരത്ത് പുരസ്കാരപ്രഖ്യാപനം നടത്തിയത്. ഭിന്നശേഷിക്കാരുടെ വ്യത്യസ്തമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവരെ ചേർത്തുപിടിക്കാനായി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ജില്ലാ പഞ്ചായത്ത് നടത്തിയതെന്ന് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. ഭിന്നശേഷിക്കാർക്കായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ച ജില്ലാ പഞ്ചായത്ത് ആലപ്പുഴയാണ്.

ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പും ബത്തയും നൽകുന്നതിനായി മാത്രം 72 പഞ്ചായത്തുകൾക്ക് 92,59,928 രൂപയാണ് അനുവദിച്ചു നൽകിയത്. കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്കായി ടോക്കിങ് ഹിയറിങ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറുകൾ നൽകി അവരെ സ്വയംപര്യാപ്തരാക്കാനും ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. ചലനശേഷി നഷ്ടപ്പെട്ട 44 പേർക്ക് 55 ലക്ഷം രൂപ ചെലവഴിച്ച് ഇലക്ട്രോണിക് വീൽചെയറുകളും കഴിഞ്ഞ സാമ്പത്തികവർഷം വിതരണം ചെയ്തു. 

സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി പഠിക്കാൻ താൽപര്യമുള്ള 15 ഭിന്നശേഷിക്കാരെ കണ്ടെത്തി തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള സഹായങ്ങൾ നൽകി. ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി അഭ്യസ്തവിദ്യരായ 6165 ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഭിന്നശേഷി പുനരധിവാസകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. വികലാംഗ കോർപ്പറേഷന്റെ സഹകരണത്തോടെ ജില്ലയിലെ ഭിന്നശേഷിക്കാരെ പുനഃസംഘടിപ്പിച്ച് തൊഴിൽപരിശീലനം നൽകി അവരെ സ്വയംപര്യാപ്തരാക്കുന്നതിനുള്ള പദ്ധതികളും ഈ വർഷവും ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചതായി പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി എസ് താഹ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ എന്നിവരാണ് ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Exit mobile version