Site iconSite icon Janayugom Online

ദീപാവലി ബോണസ് നല്‍കിയില്ല; ടോള്‍ പിരിക്കാതെ വാഹനങ്ങള്‍ കടത്തിവിട്ട് ടോള്‍ പ്ലാസ ജീവനക്കാര്‍

ദീപാവലിക്ക് കമ്പനി തുച്ഛമായ ബോണസ് നൽകിയതിൽ പ്രതിഷേധിച്ച് ആഗ്ര‑ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ടോൾ പ്ലാസ ജീവനക്കാർ ടോൾ പിരിവ് നിർത്തിവെച്ച് പ്രതിഷേധിച്ചു. ഫത്തേബാദ് ടോൾ പ്ലാസയിലെ 21 ജീവനക്കാരാണ് 1,100 രൂപ മാത്രം ദീപാവലി ബോണസ് ലഭിച്ചതിൽ പ്രതിഷേധിച്ച് അപ്രതീക്ഷിത സമരവുമായി രംഗത്തെത്തിയത്.

ഞായറാഴ്ച രാത്രി ടോൾ ബൂത്തിലെ ബൂം ബാരിയർ ഉയർത്തിവെച്ചാണ് ജീവനക്കാർ പ്രതിഷേധം തുടങ്ങിയത്. ഇതോടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ടോൾ അടയ്ക്കാതെ കടന്നുപോയത്. ഇതുവഴി കേന്ദ്രത്തിന് വലിയ നഷ്ടമാണ് ഉണ്ടായത്. ശ്രീ സൈൻ ആൻഡ് ദത്തർ എന്ന കമ്പനിയാണ് ഫത്തേഹാബാദ് പ്ലാസയുടെ നടത്തിപ്പുകാർ.

രണ്ട് മണിക്കൂറോളം നീണ്ട സമരം, മുഴുവൻ ബോണസും നൽകാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പിൻവലിച്ചത്. ഒരു വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇതുവരെയായിട്ടും ഒരു ബോണസും ലഭിച്ചിട്ടില്ലെന്ന് ടോൾ പ്ലാസ ജീവനക്കാർ പറഞ്ഞു. കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു. ജീവനക്കാരെ മാറ്റിയാലും ബോണസ് നൽകില്ലെന്നാണ് കമ്പനി പറയുന്നതെന്നും അവർ പ്രതികരിച്ചു.

Exit mobile version