Site iconSite icon Janayugom Online

ദീപാവലി ആഘോഷം; ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് ഒരു വയസ്സുള്ള കുട്ടിയടക്കം ഏഴുപേർക്ക് ഗുരുതര പരിക്ക്

കർണാടകയിലെ ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് ഒരു വയസ്സുള്ള കുട്ടിയടക്കം ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വീടിന് മുന്നിൽ കത്തിച്ചുവെച്ച വിളക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. ബാഗൽകോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സിൽ, ഉമേഷ് ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഏഴുപേരും നിലവിൽ ബാഗൽകോട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

വീടിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന രാജേന്ദ്ര ഷെട്ടി എന്ന കുഴൽക്കിണർ പണിക്കാരൻ ജോലിക്ക് ഉപയോഗിക്കുന്ന എണ്ണയും ഗ്രീസും വീടിന് മുന്നിൽ വീണു കിടപ്പുണ്ടായിരുന്നു. വീടിന് മുന്നിൽ വെച്ച ദീപാവലി വിളക്കിൽ നിന്ന് തീജ്വാല ഈ എണ്ണയിലേക്കും ഗ്രീസിലേക്കും പടർന്നതാണ് വൻ തീപിടിത്തത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തിന് പിന്നാലെ താഴത്തെ നിലയിൽ താമസിച്ചിരുന്ന കുടുംബാംഗങ്ങൾ വീടിന് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. എന്നാൽ, മുകൾ നിലയിൽ താമസിച്ചിരുന്ന കുടുംബത്തിന് പുറത്തേക്ക് ഓടാൻ സാധിക്കാതെ വന്നതോടെ തീ ആളിപ്പടർന്ന് പൊള്ളലേൽക്കുകയായിരുന്നു. വീട് പൂർണമായും കത്തിനശിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തി നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് തീയണച്ചത്. കർണാടക പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Exit mobile version