Site iconSite icon Janayugom Online

നനഞ്ഞ പ‍ടക്കമായി ദീപാവലി സ്പെഷ്യൽ വന്ദേഭാരത്

ദീപാവലി തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക വന്ദേ ഭാരത് ട്രെയിൻ ഓടിക്കുമെന്ന പ്രഖ്യാപനം അവസാന നിമിഷം റെയിൽവേ ഉപേക്ഷിച്ചു. വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് കാ­­ത്തിരുന്ന മറുനാടൻ മലയാളികൾക്ക് നാട്ടിലെത്താൻ ഏ­റെ ദുരിതം സഹിക്കേണ്ടതായി വ­ന്നു. ചെന്നൈ-ബംഗളൂരു — എറണാകുളം റൂട്ടിലാണ് ട്രെ­യിൻ സർവീസ് നടത്തുന്നതെന്നായിരുന്നു ആദ്യ അറിയിപ്പ്. 

10 ന് വെള്ളിയാഴ്ച വൈകിട്ട് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ബംഗളൂരു വഴി എറണാകുളത്തേക്ക്. പിന്നീട്, സർവീസ് കോട്ടയത്തേക്ക് നീട്ടുന്നുവെന്നായി. വെള്ളിയാഴ്ച വൈകിട്ട് 5.40 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10 ന് കോട്ടയത്ത് എത്തും. ഈ വണ്ടി ഞായറാഴ്ച രാവിലെ 11.30 ന് കോട്ടയത്തുനിന്ന് തിരിച്ച് ചെന്നൈയിലേക്ക് പോകും. ഒരു ഷട്ടിൽ സർവീസ് മാത്രമേ നടത്തുന്നുള്ളൂവെന്നും ദക്ഷിണ റയിൽവേയുടെ എട്ട് കോച്ചുള്ള സ്പെയർ ട്രെയിനാണ് ദീപാവലി സ്പെഷ്യൽ വന്ദേ ഭാരതായി സർവീസ് നടത്തുന്നതെന്നും നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. 

എന്നാൽ, തീവണ്ടി പുറപ്പെടേണ്ടിയിരുന്ന വെള്ളിയാഴ്ചയായിട്ടും യാത്രയെക്കുറിച്ച് അറിയിപ്പൊന്നുമില്ലാതായതോടെ, തീവണ്ടി ഉണ്ടാവില്ലെന്ന് യാത്രക്കാര്‍ക്ക് ബോധ്യമായി. കെഎസ്ആർടിസി 15 ബസുകളും കർണാടകആർടിസി 11 ബസുകളും ദീപാവലി പ്രമാണിച്ച് സൗകര്യപ്പെടുത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കു മുമ്പേ അവയിൽ ടിക്കറ്റുകൾ തീർന്നിരുന്നു. സ്വകാര്യ ബസുകളിൽ കഴുത്തറക്കുന്ന നിരക്കും.
ചെന്നൈ-ബംഗളൂരു — കോട്ടയം റൂട്ടിൽ ഓടുമെന്ന് പറഞ്ഞ ട്രെയിൻ വഴി മാറ്റി തിരുനൽവേലിക്ക് പോയെന്ന വിവരമാണ് ഒടുവില്‍ പുറത്തു വന്നത്. കേരളത്തിലേക്കുള്ള ദീപാവലി ഓട്ടം ഉപേക്ഷിച്ചപ്പോഴും ചെ­ന്നൈ-എഗ്മൂർ — തിരുനൽവേലി റൂട്ടിൽ ദീപാവലി സ്പെ­ഷ്യൽ വന്ദേഭാരത് 10 ന് തന്നെ ഓടിത്തുടങ്ങുകയും ചെയ്തു. 

You may also like this video

Exit mobile version