Site iconSite icon Janayugom Online

ഏറ്റവും കൂടുതൽ വരുമാനം നേടിയ പ്രാദേശിക പാർട്ടി ഡിഎംകെ

MK stalinMK stalin

2021–22 സാമ്പത്തിക വർഷത്തിൽ പ്രാദേശിക പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത് ദ്രാവിഡ മുന്നേറ്റ കഴക(ഡിഎംകെ)മാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട്. 36 പ്രാദേശിക പാർട്ടികളുടെ വരവും ചെലവും സംബന്ധിച്ച വിശകലന റിപ്പോര്‍ട്ടിലാണ് സർക്കാരിതര സംഘടന ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം 318.74 കോടി വരുമാനം നേടിയതായി റിപ്പോർട്ട് കാണിക്കുന്നു. വരുമാനത്തിന്റെ കാര്യത്തിൽ തൊട്ടടുത്ത സ്ഥാനത്ത് 307.28 കോടി നേടിയ ബിജു ജനതാദളും 218.11 കോടി രൂപ വരുമാനമുള്ള ഭാരത് രാഷ്ട്ര സമിതിയുമാണ്. 

2020–21 മുതൽ 2021–22 വരെയുള്ള കാലയളവിൽ ബിജു ജനതാദൾ അതിന്റെ വരുമാനത്തിൽ ഏറ്റവും ഉയർന്ന വർധനവ് രേഖപ്പെടുത്തി. 2021–22ൽ ഇന്ത്യയിലെ പത്ത് പ്രാദേശിക പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ വഴി 852.88 കോടി രൂപ സംഭാവന സ്വീകരിച്ചു. ഡിഎംകെ, ബിജു ജനതാദൾ, ഭാരത് രാഷ്ട്ര സമിതി, വൈഎസ്ആർ കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്), സമാജ്‌വാദി പാർട്ടി, ആംആദ്മി പാർട്ടി, ശിരോമണി അകാലിദൾ, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, തെലുങ്ക് ദേശം പാർട്ടി എന്നിവയാണ് നേട്ടമുണ്ടാക്കിയത്. 2021–22ൽ 36 പ്രാദേശിക പാർട്ടികളുടെ ആകെ വരുമാനം 1,213 കോടി രൂപയാണ്. 

Eng­lish Sum­ma­ry: DMK is the region­al par­ty with the high­est revenue

You may also like this video

Exit mobile version