രാജ്യത്തെ 1,300 പൊലീസ് സ്റ്റേഷനുകളില്‍ ‘ഡിഎന്‍എ, ഫേസ് മാച്ചിങ്’ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ക്രിമിനല്‍ പ്രൊസീജിയര്‍ ഐഡന്റിഫിക്കേഷന്‍ ആക്ട് പാര്‍ലമെന്റ് പാസാക്കി ഒരു വര്‍ഷത്തിനുശേഷമാണ് കേന്ദ്രത്തിന്റെ നടപടി. അറസ്റ്റ് ചെയ്ത വ്യക്തികളുടെ കണ്ണിലെ കൃഷ്ണമണി, റെറ്റിന സ്കാനുകള്‍ ഉള്‍പ്പെടെയുള്ള ശാരീരിക, ജൈവിക സാമ്പിളുകള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും പൊലീസിനെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും പ്രാപ്തമാക്കുന്നതാണ് നിയമം. വിരലടയാളം, കാല്‍പ്പാട്, ഫോട്ടോ എന്നിവയും സൂക്ഷിക്കാനാകും. 2022 ഏപ്രിലിലാണ് പാര്‍ലമെന്റില്‍ ഈ നിയമം പാസാക്കിയത്. സെപ്റ്റംബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍ ബില്ല് ഭരണഘടനാ വിരുദ്ധവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ആണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ ആയിരുന്നു നിയമം നടപ്പിലാക്കേണ്ട സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ (എസ്‌ഒപി) നിര്‍മ്മിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. സംസ്ഥാനങ്ങളുടെ പൊലീസ് സേനയില്‍ നിന്നും കേന്ദ്ര നിയമ നിര്‍വഹണ ഏജന്‍സികളില്‍ നിന്നുമുള്ള പ്രതിനിധികളുമായി ഒരു കമ്മിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിരുന്നു. ഡിഎന്‍എ ശേഖരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ തയ്യാറാക്കുന്നതിനായി വിദഗ്ധരുടെ ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.
എന്‍സിആര്‍ബി നിര്‍ദേശ പ്രകാരം മെഷര്‍മെന്റ് കളക്ഷന്‍ യൂണിറ്റ് (എംസിയു) സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര യൂണിറ്റായിരിക്കും ഡാറ്റാബേസ് സൂക്ഷിക്കുക.
എന്‍സിആര്‍ബി നിയന്ത്രിക്കുന്ന എന്‍എഎഫ്‌ഐഎസിന് കീഴില്‍, രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം കുറ്റാരോപിതരുടെയും കുറ്റവാളികളുടെയും വിരലടയാളങ്ങളും വിശദാംശങ്ങളുമുണ്ട്.
English Summary: DNA and face matching system in 1300 police stations
You may also like this video