Site iconSite icon Janayugom Online

സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ വിജിലിൻ്റേതെന്ന് ഡിഎൻഎ ഫലം; മൃതദേഹാവശിഷ്ടം കുടുംബത്തിന് കൈമാറി

എലത്തൂർ വിജിൽ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ വിജിലിന്റേതാണെന്ന് ഡിഎൻഎ പരിശോധനാ ഫലം സ്ഥിരീകരിച്ചു. കണ്ണൂർ റീജിയണൽ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് വിജിലിന്റെ അച്ഛനും സഹോദരനും ചേർന്ന് മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങി.

കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശിയായ വിജിലിനെ 2019 മാർച്ച് 24നാണ് കാണാതാകുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം മിസ്സിങ് കേസുകളിൽ തുടരന്വേഷണം നടത്തുന്നതിനിടെയാണ് വിജിലിൻ്റെ തിരോധാനത്തിലും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ലഹരിമരുന്ന് ഉപയോഗത്തിനിടെ കുഴഞ്ഞുവീണ വിജിലിന്റെ മൃതദേഹം സുഹൃത്തുക്കൾ ചേർന്ന് സരോവരത്തെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഈ വിവരത്തെത്തുടർന്ന് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ സരോവരത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു. ഇതാണ് ഇപ്പോൾ വിജിലിൻ്റേതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version