Site icon Janayugom Online

ഭാര്യയുമായി ശാരീരികബന്ധമുണ്ടായിട്ടില്ലെന്ന് ഭർത്താവ്; വിവാഹമോചന ഹർജിയിൽ കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവ്

കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട തർക്കത്തേത്തുടർന്നുണ്ടായ വിവാഹമോചനക്കേസിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരന് കുട്ടിയുടെ ഡിഎൻഎ. പരിശോധനയ്ക്ക് കോടതി അനുമതി നൽകി. ഭാര്യയ്ക്ക് ഉണ്ടായ കുട്ടിയുടെ പിതാവ് താൻ അല്ലെന്നും ഇക്കാര്യം തെളിയിക്കാനായി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.

ഭാര്യയുടെ വിശ്വാസവഞ്ചന ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹമോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസിൽ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛൻ താനല്ലെന്ന ഹർജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകിയത്. കുടുംബക്കോടതി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

2006 മേയ് ഏഴിനായിരുന്നു ഹർജിക്കാരന്റെ വിവാഹം. 2007 മാർച്ച് ഒൻപതിന് യുവതി കുട്ടിക്ക്‌ ജന്മം നൽകി. പട്ടാളത്തിൽ ജോലി നോക്കുന്ന കാലത്താണ് ഹർജിക്കാരൻ്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 22-ാം ദിവസം ഹർജിക്കാരൻ ജോലിസ്ഥലത്തേക്ക് മടങ്ങിപോയി. ഇതിനിടയിൽ ഭാര്യയുടെ നിസഹകരണം മൂലം ഒരു തവണ പോലും ശാരീരികബന്ധം ഉണ്ടായില്ലെന്നും ഹർജിക്കാരൻ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി.
തൻ്റെ കുട്ടിക്ക്‌ ഭർത്താവ് ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ കുട്ടിയെ ഡി.എൻ.എ. പരിശോധനയ്ക്കായി ഹാജരാകണമെന്ന് നേരത്തെ കുടുംബക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവു പ്രകാരം കുട്ടിയെ ഹാജരായിരുന്നില്ല എന്നതും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ഡി.എൻ.എ. പരിശോധന നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

രാജ്യത്തെ വൈവാഹിക നിയമങ്ങളിൽ മാറ്റം വരുത്തേണ്ട സമയമായെന്ന് ഹൈക്കോടതിയുടെ ഇതേ ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു .

Eng­lish Sum­ma­ry : DNA test­ing direct­ed by high­court in plea by hus­band for divorce

You may also like this video :

Exit mobile version