Site icon Janayugom Online

അനുമതി തേടാതെ രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കരുത്; ആരോഗ്യ മന്ത്രാലയം

രോഗിയോ ബന്ധുക്കളോ അനുമതി നല്‍കാതെ ആശുപത്രികള്‍, രോഗികളെ തീവ്ര പരിചരണ വിഭാഗത്തില്‍ (ഐസിയു)പ്രവേശിപ്പിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം. തീവ്രപരിചരണ വിഭാഗം പ്രവേശനം സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രപരിചരണം ഗുണം ചെയ്യില്ലെങ്കില്‍ അത് വ്യർത്ഥമാണെന്നും 24 വിദഗ്ധരുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച മാര്‍ഗനിര്‍ദശത്തില്‍ പറയുന്നു.

ചികിത്സ എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കുന്ന വില്‍പ്പത്രമോ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നോ ഒരാള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടതില്ല. മഹാമാരി, മറ്റ് ദുരന്ത സമയങ്ങളില്‍ രോഗത്തിന്റെ തീവ്രത, വിഭവ ലഭ്യത എന്നിവ കൂടി കണക്കിലെടുത്ത് വേണം ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടത്.

അവയവ പ്രവര്‍ത്തനക്ഷമത, അവയവങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സഹായം, ആരോഗ്യ സ്ഥിതി മോശമാകല്‍ എന്നിവ കൂടി കണക്കിലെടുത്താകണം ഐസിയു പ്രവേശനം. ബോധരഹിത അവസ്ഥ, രക്തചംക്രമണത്തിലെ പ്രശ്നങ്ങള്‍, ശ്വസന സംവിധാനത്തിലെ ആവശ്യകത, നിരന്തരം നിരീക്ഷണം ആവശ്യമായ രോഗാവസ്ഥ, തുടര്‍ച്ചയായി മോശമാകുന്ന രോഗാവസ്ഥ എന്നിവയുള്ള രോഗികള്‍ക്കാണ് ഐസിയു പ്രവേശനം നല്‍കേണ്ടത് എന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

ഹൃദയ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍, സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ചെയ്യേണ്ടിവന്നവര്‍ എന്നിവരെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ രക്തസമ്മര്‍ദം, ശ്വാസനനില, ഹൃദയസ്പന്ദന നിരക്ക്, ഓക്സിജന്റെ അളവ് തുടങ്ങിയവ നിരീക്ഷിച്ച ശേഷമാകണം തീവ്ര പരിചരണത്തിന് പ്രവേശിപ്പിക്കേണ്ടത്.

 

Eng­lish Sum­ma­ry: Do not admit patients to the inten­sive care unit with­out seek­ing per­mis­sion; Min­istry of Health

You may also like this video

Exit mobile version