Site icon Janayugom Online

അക്രമ പ്രവർത്തനങ്ങളിലേയ്ക്ക് ഇസ്ലാം മതത്തെ വലിച്ചിഴയ്ക്കരുത്: സമസ്ത

മതം സംരക്ഷിക്കാൻ ഒരാളെയും കൊല്ലാൻ പാടില്ലെന്നും സമസ്ത അത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷ ബോർഡ് ചെയർമാൻ എം ടി അബ്ദുല്ല മുസ്ലിയാർ. അക്രമ പ്രവർത്തനങ്ങളിലേയ്ക്ക് ഇസ്ലാം മതത്തെ വലിച്ചിഴയ്ക്കരുത്. എല്ലാ മതവിഭാഗങ്ങളോടും സ്നേഹത്തോടും അനുഭാവത്തോടെയും പെരുമാറുന്ന രീതിയാണ് സമസ്ത പ്രോത്സാഹിപ്പിക്കുന്നത്. ഒരു കാര്യത്തിനും മറ്റാളുകളെ വേദനിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ പാടില്ലെന്നത് ഉൾകൊണ്ടാണ് സമസ്ത പ്രവർത്തിക്കുന്നത്. മതം ആരെയും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സമസ്ത പൊതു പരീക്ഷഫലപ്രഖ്യാപന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സമസ്ത അംഗീകരിക്കുന്ന സംഘടനയല്ല. ഏതെങ്കിലും ആളുകളെ കൊല്ലുകയും അവിടെ ശഹീദി (രക്തസാക്ഷിയുടെ) ന്റെ കൂലി കരസ്ഥമാക്കുകയും ചെയ്യുക എന്ന അജണ്ടയോ ചിന്തയോ സമസ്തക്കില്ലെന്നും അത് പാടില്ലെന്നും മതകാര്യങ്ങൾ അടിച്ചേൽപ്പിക്കാനോ നിർബന്ധിക്കാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് നേതാവ് ഇസ്ലാമിൽ രക്ഷസാക്ഷിയാണെന്ന് അവകാശപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എല്ലാ മത വിഭാഗങ്ങളോടും വളരെ സൗഹാർദത്തിലും സ്നേഹത്തിലും ഇടപെടാനും എല്ലാവർക്കും ഗുണം കാംക്ഷിച്ചു കൊണ്ടുള്ള രീതി നടപ്പിലാക്കാനും മാത്രമേ സമസ്തക്ക് അറിയുകയുള്ളുവെന്നും അബ്ദുല്ല മുസ്ലിയാർ കൂട്ടിച്ചേർത്തു. വിവാഹം പഠനത്തിന് തടസ്സമാവരുതെന്നുള്ളത് സമസ്തയുടെ മുശാവറ തീരുമാനം മാത്രമല്ലെന്നും ലോകാടിസ്ഥാനത്തിൽ തന്നെയുള്ള നിലപാടാണെന്നും അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.

Eng­lish Sum­ma­ry: Do not drag Islam into vio­lence: Samastha

You may like this video also

Exit mobile version