ഒരു ഈസ്റ്റര്‍ കൂടി കടന്നുപോയി. ക്രിസ്തുമത വിശ്വാസികള്‍ക്ക് ഈ ദിവസം പ്രധാനമാണ്. തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികമാണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞ വഴികള്‍ തേടാതെ കഷ്ടനഷ്ടങ്ങള്‍ സഹിച്ച് സത്യത്തിനുവേണ്ടി നിലനില്‍ക്കണമെന്നുമാണ് ഈ ദിനം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി കുരിശിലേറ്റപ്പെട്ട രക്തസാക്ഷി യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പ് വിശ്വാസികള്‍ക്ക് നല്കുന്ന പ്രത്യാശയും പ്രതീക്ഷയും ചെറുതല്ല. അവരുടെ ഉയിരാണ് ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് പെരുന്നാളിലൂടെ ലഭിക്കുന്നത്.
ജീവനും ജീവിതവും ഉറപ്പാക്കിക്കിട്ടുക എന്നതാണ് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന ആദ്യത്തെയും അവസാനത്തെയും സുരക്ഷ. എന്നാല്‍ വിശ്വാസിയായതുകൊണ്ടുമാത്രം അത് നിഷേധിക്കപ്പെടുന്ന ഒരവസ്ഥ, അതോര്‍ക്കാന്‍ കൂടി കഴിയില്ല. ഈ വര്‍ഷം ഫെബ്രുവരി 21ന് വത്തിക്കാന്‍ സിറ്റി എന്ന ന്യൂസ് പോര്‍ട്ടല്‍ പുറത്തുവിട്ട വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. ക്രിസ്തുമതത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 350 പേര്‍ ജയിലിലാണ്. ഛത്തീസ്ഗഢിലും ഝാര്‍ഖണ്ഡിലും മധ്യപ്രദേശിലും കര്‍ണാടകത്തിലുമൊക്കെ ഇതുതന്നെയാണ് അവസ്ഥ. ഇത് പറഞ്ഞത് മറ്റാരുമല്ല, അഖിലേന്ത്യാ കത്തോലിക്ക യൂണിയന്‍ വക്താവ് ജോണ്‍ ഡയാല്‍. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ക്വോട്ടോയുടെ സാന്നിധ്യത്തിലാണ് ഡയാല്‍ ഇത് പറഞ്ഞത്. വിശ്വാസികള്‍ക്കും പള്ളികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരെ ആര്‍എസ്എസ് നേതൃത്വത്തിലുള്ള വര്‍ഗീയവാദികളുടെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പതിനായിരങ്ങള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനോടനുബന്ധിച്ചാണ് ബിഷപ്പുമാര്‍ ഈ വസ്തുതകള്‍ വെളിപ്പെടുത്തിയത്. രാജ്യത്തെ നൂറോളം പള്ളികളെയും സംഘടനകളെയും പ്രതിനിധീകരിച്ചാണ് ഇവര്‍ പ്രകടനത്തിനെത്തിയത്.
ഇതുകൂടി വായിക്കൂ: അന്ധവിശ്വാസ നിരോധന നിയമം ഇനിയെന്ന്?
ഗ്രഹാംസ്റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം ഉയര്‍ത്തി ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പച്ചയ്ക്ക് തീകൊളുത്തിയിട്ട് 24 വര്‍ഷം പിന്നിട്ടു. ഒഡിഷയിലെ ബരിപദ എന്ന ഗ്രാമത്തിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിച്ച ചികിത്സ നടത്തിയിരുന്ന ഗ്രഹാംസ്റ്റെയിന്‍സിനെയും കുടുംബത്തെയും ചുട്ടുകൊന്ന ബജ്റംഗദള്‍ സംഘടനയുടെ അന്നത്തെ സംസ്ഥാന നേതാവ് പ്രതാപ് ചന്ദ്രസാരംഗി പിന്നീട് മോഡി സര്‍ക്കാരില്‍ 2019 മുതല്‍ 2021 വരെ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. ഇപ്പോഴും ലോകസഭാംഗമായി തുടരുന്നു.
ഇത്തരമൊരു സാഹചര്യമുള്ളപ്പോഴാണ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ പ്രസ്താവനയില്‍ ബിജെപി ഭരണത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്ന് പറഞ്ഞിരിക്കുന്നത്. അദ്ദേഹം അങ്ങനെ ധരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അദ്ദേഹം വെറുമൊരു സാധാരണക്കാരനല്ലല്ലൊ. രാജ്യത്തെ ഭൂരിപക്ഷംവരുന്ന ബിഷപ്പുമാരും വിശ്വാസികളും രാജ്യതലസ്ഥാനത്ത് ബിജെപി ഭരണത്തില്‍ തങ്ങള്‍ സുരക്ഷിതരല്ല, തങ്ങള്‍ക്കെതിരെ ആര്‍എസ്എസും ഹിന്ദു വര്‍ഗീയ സംഘടനകളും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും പള്ളികളെയും സ്ഥാപനങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നു, തങ്ങള്‍ക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തുമ്പോള്‍ കേരളത്തിലെ ഒരു ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത് സഭാവിശ്വാസികളെക്കൂടി അപകടപ്പെടുത്തുകയോ ഒറ്റുകൊടുക്കുകയോ ചെയ്യുന്നതിന് തുല്യമായ ഒരു പ്രവര്‍ത്തിയല്ലേയെന്ന് സ്വയം ചിന്തിക്കുന്നത് ഉചിതമായിരിക്കും. കേരളത്തില്‍ വിശ്വാസികള്‍ സുരക്ഷിതരാണെന്ന് പറയാമായിരുന്നു. കാരണം ഒഡിഷയിലും മറ്റും ബജ്റംഗദളും ആര്‍എസ്എസും ആക്രമിച്ച ക്രിസ്തുമത വിശ്വാസികള്‍ക്ക് കേരളം അഭയം നല്കിയിട്ടുണ്ട്. അവര്‍ നന്ദിയോടെ കണ്ണുനിറഞ്ഞ് കെെകൂപ്പിയാണ് ഇവിടെനിന്നും മടങ്ങിയിട്ടുള്ളത്.
ഇനി ബിഷപ്പ് ആലഞ്ചേരി പറയുന്ന ഇന്ത്യന്‍ സാഹചര്യമെന്താണെന്ന് നോക്കാം- മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഔട്ട്‌ലുക്ക് വെബ് മാഗസിന്‍ ചിലകാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒഡിഷയിലെ ഖാണ്ഡമാലില്‍ 2008 ഓഗസ്റ്റ് 25 മുതല്‍ 28 വരെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ ബജ്റംഗദള്‍ നടത്തിയ നരനായാട്ടില്‍ 50,000 പേര്‍ നിരാലംബരായി. 5600 വീടുകള്‍, 395 പള്ളികള്‍, 600 ഗ്രാമങ്ങള്‍, 500ല്‍പ്പരം വിശ്വാസികള്‍ എല്ലാം തകര്‍ത്ത് കൊന്നൊടുക്കി. ആയിരത്തില്‍പരം ആളുകളെ ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധിത മതംമാറ്റം നടത്തിച്ചു. ഒരു കന്യാസ്ത്രീ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു.
ഇതുകൂടി വായിക്കൂ: അന്ധവിശ്വാസങ്ങള്‍ക്കെതിരെ യോജിക്കണം
കര്‍ണാടകത്തില്‍ ഉടുപ്പി, ചിക്കഗളൂരു, തമിഴ്‌നാട്ടില്‍ ഈറോഡ്, കരൂര്‍, കൃഷ്ണഗിരി, മധുര തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സമാനമായ ആക്രമണമുണ്ടായി. ഇവാന്‍ജലിക്കല്‍ ഫെലോഷിപ്പിന്റെ കണക്കനുസരിച്ച് 2014ല്‍ മോഡി അധികാരത്തില്‍ വന്നതോടെ ഈ അതിക്രമങ്ങള്‍ ഇരട്ടിയായി എന്നാണ് പറയുന്നത്. കാത്തലിക് സെക്കുലര്‍ ഫോറത്തിന്റെ കണക്കനുസരിച്ച് 2015ല്‍ മാത്രം 365ഓളം വലിയ ആക്രമണങ്ങള്‍ ഹിന്ദുത്വ സംഘടനകളില്‍ നിന്നും ഇവര്‍ക്ക് നേരിടേണ്ടതായി വന്നു എന്നാണ്. 2021ല്‍ പൗരാവകാശ സംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെ 305 ആക്രമണസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഒരുപക്ഷെ ആലഞ്ചേരി ബിഷപ്പിന് സ്വന്തം സഭയുടെ നേതൃത്വത്തില്‍ നിന്നുതന്നെ ഇതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടാകും. കാരണം ബിജെപിക്ക് വേണ്ടത് ഹിന്ദുരാഷ്ട്രമാണ്, അധികാരമാണ്, മതപ്രീണനം ഒരു കൗശലമാണ്. അതറിയാത്ത ആളായിരിക്കില്ല ബിഷപ്പ് ആലഞ്ചേരി. എന്നിട്ടും കുഞ്ഞാടുകളെ അറവുശാലയിലേക്ക് നയിക്കാന്‍ ബിഷപ്പിനെ പ്രേരിപ്പിച്ചതെന്താകും? ബിഷപ്പാണെങ്കില്‍ ഭൂമിയിടപാടില്‍ കോടതിവിധി കാത്തിരിക്കുന്നു.
വത്തിക്കാന്‍ നിയമിച്ച സ്വതന്ത്ര അന്വേഷണ സംഘം കെപിഎംജിയുടെ റിപ്പോര്‍ട്ട് പരസ്യമായിട്ടില്ല. ബിഷപ്പോ, സഭയുടെയും വിശ്വാസികളുടെയും സുരക്ഷയൊ ഏതാണ് എന്നൊരു തെരഞ്ഞെടുപ്പ് കേരളത്തിലെ ക്രിസ്തീയരുടെ മേല്‍ അടിച്ചേല്പിക്കുന്ന സാഹചര്യം ഏതായാലും അഭിലഷണീയമല്ല. സമാധാനമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യമല്ലേ ഏത് മനുഷ്യനും ആഗ്രഹിക്കുക. ഈസ്റ്റര്‍ ദിന ചിന്തകള്‍ സത്യത്തിന് വേണ്ടി ഭൂരിപക്ഷത്തോടൊപ്പം നിലകൊള്ളാനാണല്ലോ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.