Site iconSite icon Janayugom Online

നോട്ടുകള്‍ വാട്സ് ആപ്പുവഴി നല്‍കരുത്; ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്

notesnotes

വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകര്‍ വാട്‌സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി നല്‍കരുതെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്. നോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ സമൂഹമാധ്യമങ്ങള്‍ വഴി നല്‍കി പ്രിന്റെടുപ്പിക്കുന്നതും അതുവഴി നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നതും പൂര്‍ണമായി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം ഉറപ്പാക്കാന്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി അക്കാദമികവിഭാഗം ജോയിന്റ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസില്‍ ഹാജരാവാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ അവരുടെ പഠനം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനരീതി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ നിലവില്‍ നേരിട്ടുള്ള ക്ലാസുകള്‍ നടക്കന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ നോട്ടുകള്‍ വാട്‌സ്ആപ്പ് വഴി നല്‍കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അമിതഭാരവും സാമ്പത്തികബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Exit mobile version