Site iconSite icon Janayugom Online

റേപ്പിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കരുത്; ഗെഹ്‌ലോത്തിനെതിരേ വനിതാകമ്മീഷൻ

ബലാത്സംഗ കേസുകളെ കുറിച്ച് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോത്ത് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി റേപ്പിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചു. ബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റുന്ന നിയമം വന്നതോടെ ഇരയായവർ കൊല്ലപ്പെടുന്നത് വർധിച്ചെന്നായിരുന്നു ഗെഹ്ലോത്തിന്‍റെ പരാമർശം. 

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത് റേപ്പിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, നിര്‍ഭയയെ പരിഹസിച്ച രീതി ബലാത്സംഗ ഇരകളുടെ വികാരത്തെ വ്രണപ്പെടുത്തി. കൊച്ചുകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാനുള്ള നിയമം കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പ്രതികരിച്ചു. രാജസ്ഥാനില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ചതിനാല്‍ മന്ത്രി സ്വന്തം സംസ്ഥാനത്ത് നിയമം കര്‍ശനമായി നടപ്പാക്കണമെന്നും സ്വാതി ആവശ്യപ്പെട്ടു.

ഇങ്ങനെയുള്ള അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് പകരം രാജസ്ഥാനില്‍ നിയമം കര്‍ശനമായി നടപ്പാക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റവും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരേ വെള്ളിയാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടെയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിര്‍ഭയ കേസിന് ശേഷം ബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായി. ഇതിന് ശേഷമാണ് നിയമം നിലവില്‍വന്നത്. ഇതോടെ ബലാത്സംഗത്തിന് ശേഷം സ്ത്രീകളെ കൊലപ്പെടുത്തുന്ന കേസുകള്‍ വര്‍ധിച്ചു.

ഇത് അപകടകരമായ പ്രവണതയാണ് രാജ്യത്തുണ്ടാക്കുന്നത്’ എന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ പരാമര്‍ശം. എന്നാല്‍, ബലാത്സംഗത്തിന് ഇരയായവരെ കൊല്ലുന്ന പ്രവണതയില്‍ ഗെലോട്ട് ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് അനാവശ്യമായി വിവാദ വിഷയമാക്കുകയാണെന്നും മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനായ ലോകേഷ് ശര്‍മ പറഞ്ഞു.

Eng­lish Sum­ma­ry: Do not use the lan­guage of rapists; Wom­en’s Com­mis­sion against Gehlot

You may also like this video:

Exit mobile version