Site iconSite icon Janayugom Online

ഡോക്ടര്‍ മൊഡ്യൂള്‍ 2019 മുതല്‍ സജീവം; ആകര്‍ഷിച്ചത് സമൂഹമാധ്യമങ്ങളിലൂടെ

രാജ്യത്തെ ഞെട്ടിച്ച് ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ‘വൈറ്റ് കോളര്‍’ ഭീകരശൃംഖലയിലെ ഡോക്ടര്‍മാരുടെ തീവ്രവാദവല്‍ക്കരണം 2019‑ല്‍ തന്നെ ആരംഭിച്ചിരുന്നതായി എന്‍ഐഐ. ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളെ പാകിസ്ഥാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ഹാന്‍ഡ്‌ലര്‍മാരിലൂടെ പൂര്‍ണമായും ഡിജിറ്റല്‍ മാര്‍ഗഗങ്ങളിലൂടെ വലയിലാക്കിയെന്നാണ് കണ്ടെത്തല്‍. ഡോ. മുസമ്മില്‍ അഹമ്മദ് ഗനായ്, ഡോ. അദീല്‍ റാത്തര്‍, അഫ്ഗാനിസ്ഥാനിലേക്ക് കടന്ന ഡോ. മുസാഫര്‍ റാത്തര്‍, ചെങ്കോട്ടയിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ച ഡോ. ഉമര്‍-ഉന്‍-നബി, ഡോ. ഷഹീന്‍ എന്നിവരടങ്ങുന്നതാണ് ഈ ഭീകര സെല്‍. ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ചര്‍ച്ചകളില്‍ സജീവമായിരുന്നപ്പോഴാണ് അതിര്‍ത്തിക്കപ്പുറമുള്ള ഭീകരര്‍ ഇവരെ ആദ്യം നോട്ടമിട്ടത്.

തുടര്‍ന്ന് ഇവരെ ടെലഗ്രാമിലെ സ്വകാര്യ ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുകയുമായിരുന്നു. എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോകള്‍ ഉപയോഗിച്ചാണ് വിദ്വേഷം വളര്‍ത്തുന്നത്. വിപിഎന്‍, വ്യാജ പ്രൊഫൈലുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇവര്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ണ് വെട്ടിക്കുന്നത്. സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നത് പഠിക്കാന്‍ ഇവര്‍ യൂട്യൂബും വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് ‘ഉകാസ’, ‘ഫൈസാന്‍’, ‘ഹാഷ്മി’ എന്നിവരാണ് ഇവരെ നിയന്ത്രിച്ചിരുന്നതെന്ന് കണ്ടെത്തി. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ഇവരുടെ പേരുകള്‍ ജയ്ഷ്-ഇ‑മുഹമ്മദ് ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പലപ്പോഴും വരാറുള്ളതാണ്. സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോകാന്‍ ഡോക്ടര്‍മാര്‍ ആദ്യം താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും, ഇന്ത്യയില്‍ തന്നെ തുടരാനും രാജ്യത്തിനകത്ത് സ്ഫോടനങ്ങള്‍ നടത്താനുമാണ് ഹാന്‍ഡ്‌ലര്‍മാര്‍ നിര്‍ദേശിച്ചത്.

ഒക്ടോബര്‍ 18–19 രാത്രിയില്‍ ശ്രീനഗറില്‍ ജയ്ഷ്-ഇ‑മുഹമ്മദിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പൊലീസിന്റെ ശ്രദ്ധ ‘വൈറ്റ് കോളര്‍’ ഭീകരശൃംഖലയിലേക്ക് തിരിഞ്ഞത്. സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണ മുന്നറിയിപ്പായിരുന്നു പോസ്റ്ററുകളില്‍. ഈ സംഭവം ഗൗരവമായി എടുത്ത് നടത്തിയ അന്വേഷണമാണ് വന്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലേക്കും ഫരീദാബാദില്‍നിന്ന് 2,900 കിലോ സ്ഫോടകവസ്തുക്കള്‍ കണ്ടെടുക്കുന്നതിലേക്കും പ്രധാനികളുടെ അറസ്റ്റിലേക്കും നീണ്ടു. തുടര്‍ന്നാണ് ഉമര്‍ ഒറ്റയ്ക്ക് ചെങ്കോട്ടയില്‍ ചാവേര്‍ സ്ഫോടനം നടത്തിയത്.
നിലവില്‍ ഗനി, അദീല്‍, ഷഹീന്‍ എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്ന മുസാഫറിനെ നാടുകടത്തി തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ജമ്മു കശ്മീര്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ പലരും ജോലി ചെയ്തിരുന്ന അൽ-ഫലാ മെഡിക്കൽ കോളജിലെ സഹപ്രവർത്തകനായ നിസാർ ഉൾ-ഹസനു വേണ്ടിയും അധികൃതർ തിരച്ചിൽ നടത്തുന്നുണ്ട്.

26 ലക്ഷം സമാഹരിച്ചു

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളായ ഡോക്‌ടർമാരുടെ സംഘം ഇന്ത്യയിലെ പല നഗരങ്ങളിലും ഭീകരാക്രമണങ്ങൾ നടത്താനായി 26 ലക്ഷം രൂപയോളം സമാഹരിച്ചതായി കണ്ടെത്തല്‍. സ്ഫോടന കേസിലെ പ്രധാന പ്രതികളിലൊരാളായ മുസമ്മിൽ ഗനായിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഗനായി 5 ലക്ഷം രൂപ സംഭാവന നൽകിയതായും അദീൽ അഹമ്മദ് റാഥറും സഹോദരൻ മുസാഫർ അഹമ്മദ് റാഥറും യഥാക്രമം 8 ലക്ഷം രൂപയും 6 ലക്ഷം രൂപയും നൽകിയതായും റിപ്പോർട്ടുണ്ട്.

മറ്റൊരു ഡോക്ട‌റായ ഷഹീൻ ഷാഹിദ് 5 ലക്ഷം രൂപ നൽകിയതായും സ്ഫോടക വസ്തുക്കളുമായി കാറോടിച്ചെത്തിയ ഡോക്ടർ ഉമർ ഉൻ-നബി മുഹമ്മദ് 2 ലക്ഷം രൂപ സംഭാവന ചെയ്‌തതായും കരുതപ്പെടുന്നു.
സ്ഫോടകവസ്തു‌ നിർമിച്ച പദ്ധതിയുടെ മേൽനോട്ടം വഹിച്ചത് ഉമറാണെന്ന് കരുതപ്പെടുന്നു. എല്ലാവർക്കും ജോലി കൃത്യമായി വിഭജിച്ചു നൽകിയിരുന്നു. കാശ്മീരിലെ ബുര്‍ഹാന്‍ വാനിയുടെയും സക്കീർ മൂസയുടെയും തീവ്രവാദ പാരമ്പര്യങ്ങളുടെ പിന്‍ഗാമിയായി ഉമര്‍ നബി തന്നെത്തന്നെ കണ്ടിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
പണം കണ്ടെത്താനുള്ള ചുമതല വനിത ഡോക്ടറായ ഷഹീന്‍ ആണ് ഏറ്റെടുത്തത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഉമര്‍ ഫറൂഖിന്റെ ഭാര്യയും ജയ്ഷെയുടെ വനിതാ ഭീകര വിഭാഗത്തിന്റെ നേതാക്കളിലൊരാളുമായ അഫിറാ ബിബിയുമായി ഷഹീന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

രണ്ട് വർഷത്തിലേറെ ചെലവിട്ടാണ് സ്ഫോടനം നടത്തിയത്. സ്ഫോടകവസ്തുക്കളും റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങളും ശേഖരിക്കാൻ ഒരുപാട് സമയമെടുത്തുവെന്നും എന്‍ഐഎ പറയുന്നു. സാങ്കേതിക വശങ്ങൾ ഉമർ കൈകാര്യം ചെയ്‌തപ്പോൾ മറ്റുള്ളവർ പണവും സ്ഫോടനമുണ്ടാക്കാനുള്ള വസ്തുക്കൾ വാങ്ങുന്നതിലും അവ സംഭരണ കേന്ദ്രത്തിൽ ആരുടെയും കണ്ണിൽ പെടാതെ എത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

Exit mobile version