ചികിത്സയ്ക്കെത്തിയ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മുതിർന്ന ശിശുരോഗ വിദഗ്ധൻ ചേവരമ്പലം ഗോൾഫ് ലിങ്ക് റോഡ് മേഘമൽഹാറിൽ ഡോ. സി എം അബൂബക്കറിനെ (78) അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചാലപ്പുറത്തെ സ്വന്തം ക്ലിനിക്കിൽ ചികിത്സക്കെത്തിയ പതിനഞ്ചുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. ഏപ്രിൽ 11നും 17നുമായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കസബ ഇൻസ്പെക്ടർ എൻ പ്രജീഷാണ് പോക്സോ നിയമപ്രകാരം ഡോക്ടറെ അറസ്റ്റ് ചെയ്തത്. നെഞ്ചുവേദന ഉണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് ഡോക്ടറെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടി കുറച്ചുനാളുകളായി ഇതേ ഡോക്ടറുടെ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം സഹോദരിക്കൊപ്പമാണ് ചാലപ്പുറത്തുള്ള ക്ലിനിക്കിൽ പെൺകുട്ടി ചികിത്സയ്ക്കെത്തിയത്. പരിശോധനാ മുറിയിൽ കയറിയ പെൺകുട്ടിയെ ഡോക്ടർ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മാനസികമായി തകർന്ന പെൺകുട്ടി വിവരം വീട്ടുകാരോട് വെളിപ്പെടുത്തുകയും രക്ഷിതാക്കൾ പരാതി നൽകുകയുമായിരുന്നു. മുമ്പും ശരീരഭാഗങ്ങളിൽ കയറിപ്പിടിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
കോൺഗ്രസ് നേതാവുകൂടിയായ ഡോക്ടർക്കെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു. മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഡോക്ടറുടെ ക്ലിനിക്കിലേക്ക് ബഹുജന മാർച്ച് ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം കുട്ടികളുടെ വീട്ടുകാർക്ക് വൻ തുക നൽകി കേസ് ഒതുക്കുകയാണ് ഡോക്ടർ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഡോക്ടർക്കെതിരെ പലപ്പോഴും പരാതികൾ ഉയർന്നുവന്നിട്ടുണ്ടെന്ന് സമീപവാസികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആരും രേഖാമൂലം പരാതി നൽകിയിരുന്നില്ല. ഡോക്ടർ കേസുകളെല്ലാം പണം കൊടുത്ത് ഒതുക്കുകയായിരുന്നുവെന്നാണ് സമീപവാസികളും വ്യക്തമാക്കുന്നത്. മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡും അബൂബക്കറിന് ലഭിച്ചിട്ടുണ്ട്.
English Summary: doctor was arrested on a complaint of misbehaving with a 15 year old girl
You may also like this video