“അധിക്ഷേപകരവും അനിയന്ത്രിതവും അക്രമാസക്തവുമായ രോഗികളെ” ചികിത്സിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്കുണ്ടെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ ബോര്‍ഡ്. അക്രമാസക്തരാകുന്ന രോഗിക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാനും അത്തരം രോഗികളെ മറ്റെവിടെയെങ്കിലും തുടർചികിത്സയ്ക്കായി റഫർ ചെയ്യാനും ഇനിമുതല്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്നും മെഡിക്കല്‍ കമ്മിഷന്‍ ബോര്‍ഡ് അറിയിച്ചു.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എംസിഐ) കോഡ് ഓഫ് മെഡിക്കൽ എത്തിക്‌സ് 2002‑ന് പകരമാകും ഈ പുതിയ നിയന്ത്രണങ്ങൾ. അനിയന്ത്രിതവും അക്രമാസക്തവുമായ രോഗികൾക്ക് രോഗികളുടെ ചികിത്സ നിരസിക്കാനുള്ള അവകാശം ഡോക്ടർമാർക്ക് ലഭിക്കുന്നത് ഇതാദ്യമാണ്. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ നിരുത്സാഹപ്പെടുത്താനാണ് നീക്കം.
ജീവൻ അപകടപ്പെടുത്തുന്ന അടിയന്തിര സാഹചര്യങ്ങളിലൊഴികെ, ഡോക്ടര്‍ക്ക് ആരെ സേവിക്കണമെന്ന് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. അതേസമയം ഒരു കേസ് സ്വീകരിച്ച ശേഷം രോഗിക്കും കുടുംബത്തിനും മതിയായ അറിയിപ്പ് നൽകാതെ മെഡിക്കല്‍ ഓഫീസര്‍ രോഗിയെ അവഗണിക്കുകയോ കേസിൽ നിന്ന് പിന്മാറുകയോ ചെയ്യരുത്. അത്തരം മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ രോഗിയിൽ നിന്നോ രക്ഷിതാവിൽ നിന്നോ സമ്മതം വാങ്ങണമെന്നും അറിയിപ്പില്‍ പറയുന്നു.
രോഗിയെ പരിശോധിക്കുന്നതിനോ ചികിത്സിക്കുന്നതിനോ മുമ്പായി കൺസൾട്ടേഷൻ ഫീസ് രോഗിയെ അറിയിക്കണം. ഇതിനുപുറമെ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ഡോക്ടർമാർക്ക് സമ്മാനങ്ങളും യാത്രാ സൗകര്യങ്ങളും മറ്റും സ്വീകരിക്കാൻ കഴിയില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
English Summary: Doctors can decide whether or not to treat “aggressive” patients
You may also like this video