Site iconSite icon Janayugom Online

ഡോക്ടര്‍മാര്‍ സമരം തുടരുന്നു

doctors strikedoctors strike

നീറ്റ് പിജി പ്രവേശനം വൈകുന്നതിനെതിരെ നിലപാട് കടുപ്പിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി ഡോക്ടര്‍മാര്‍ നടത്തിയ ചര്‍ച്ച പരാജയം. കോവിഡ് കേസുകള്‍ രാജ്യത്ത് ഉയരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സമരം രാജ്യത്ത് വന്‍ പ്രതിസന്ധിയാകും സൃഷ്ടിക്കുക.

സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കോടതി തീരുമാനം ഉണ്ടാകണമെന്നും മറിച്ചൊരു ഇടപെടല്‍ സര്‍ക്കാരിനു നടത്താനാകില്ലെന്നും ആരോഗ്യമന്ത്രി സമരക്കാരോട് പറഞ്ഞു. കേസ് പരിഗണിക്കുന്ന ജനുവരി ആറിന് മുമ്പ് തന്നെ സര്‍ക്കാര്‍ സുപ്രീം കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം ഡോക്ടര്‍മാരും ഡല്‍ഹി പോലീസും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി സമരത്തില്‍ നിന്നും പിന്മാറണമെന്നും റസിഡന്റ് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

കോവിഡ് വ്യാപനത്തോത് വര്‍ധിക്കുന്ന സാഹചര്യത്തിലും ഡല്‍ഹിയിലെ വിവിധ ആശുപത്രികളുടെ പ്രവര്‍ത്തനം ഡോക്ടര്‍മാരുടെ സമരം മൂലം തടസപ്പെട്ടിരിക്കുകയാണ്. നീറ്റ് കൗണ്‍സിലിങ് വൈകുന്നതിനെതിരെ ഡോക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ റാലി തടഞ്ഞ ഡല്‍ഹി പൊലീസ് വനിതാ ഡോക്ടര്‍മാരടക്കമുള്ളവരെ കൈയ്യേറ്റം ചെയ്യുകയും നിരവധിപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി വൈകി നാടകീയ സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായത്. സമാധാനപരമായി നടത്തിയ പ്രതിഷേധ സമരത്തെ അക്രമാസക്തമാക്കിയത് ഡല്‍ഹി പൊലീസാണെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

തിങ്കളാഴ്ചത്തെ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സഫ്ദര്‍ജങ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്നലെ സുപ്രീം കോടതിയിലേക്ക് നടത്താനിരുന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു. സഫ്ദര്‍ജങിലെ ഡോക്ടര്‍മാരുടെ ഹോസ്റ്റലില്‍ നിന്നും ആരംഭിച്ച പ്രതിഷേധത്തെ ആശുപത്രി ഗേറ്റുകള്‍ മുഴുവന്‍ അടച്ചിട്ട് വന്‍തോതില്‍ വലയം സൃഷ്ടിച്ചാണ് ഡല്‍ഹി പൊലീസ് പ്രതിരോധിച്ചത്.

സഫ്ദര്‍ജങ് ആശുപത്രി പരിസരം വിട്ട് പുറത്തുപോയി റോഡ് ഉപരോധിക്കാന്‍ ഡോക്ടര്‍മാരെ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയില്‍ എടുത്തവരെയെല്ലാം വിട്ടയച്ചു. പ്രതിഷേധക്കാര്‍ക്ക് എതിരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഡല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥന്‍ പി എസ് യാദവ് വ്യക്തമാക്കി.

ഡല്‍ഹി സര്‍ക്കാരിനു കീഴിലും കേന്ദ്ര സര്‍ക്കാരിനു കീഴിലും പ്രവര്‍ത്തിക്കുന്ന രാജ്യ തലസ്ഥാനത്തെ വിവിധ ആശുപത്രികളുടെ പ്രവര്‍ത്തനം ഡോക്ടര്‍മാരുടെ സമരം മൂലം സ്തംഭിച്ചിരിക്കുകയാണ്. ലേഡി ഹാര്‍ഡിങ്, ലോക് നായക് ജയപ്രകാശ് നാരായണ്‍, സഫ്ദര്‍ജങ്, രാം മനോഹര്‍ ലോഹ്യ, ഡോ. ബാബാ സഹേബ് അംബേദ്കര്‍, ഗോവിന്ദ് ബല്ലബ് പന്ത്, ഗുരു തേജ് ബഹാദൂര്‍ ഉള്‍പ്പെടെയുള്ള വിവിധ ആശുപത്രികളുടെ അടിയന്തര സേവനം ഒഴികെയുള്ള ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ സമരം മൂലം തടസപ്പെട്ടിരിക്കുകയാണ്.

Eng­lish Sum­ma­ry: Doc­tors con­tin­ue to strike

You may like this video also

Exit mobile version