Site iconSite icon Janayugom Online

കണ്ണൂർ തീരത്ത് ഡോൾഫിനുകൾ ചത്ത നിലയിൽ കരക്കടിഞ്ഞു

കണ്ണൂർ തീരത്ത് രണ്ടിടങ്ങളിലായി രണ്ടു ഡോൾഫിനുകൾ ചത്ത നിലയിൽ കരക്കടിഞ്ഞു. ആൺ ഡോൾഫിനും പെൺ ഡോൾഫിനുമാണ് ചത്തത്.പയ്യാമ്പലം പ്രണവം ബീച്ച് റിസോർട്ടിനു മുൻവശത്തായാണ് പെൺ ഡോൾഫിൻ്റെ ജഡം കണ്ടെത്തിയത്. ഇവിടെ നിന്നും രണ്ട് കിലോമീറ്റർ അകലെയായി നീർക്കടവ് ശാന്തിതീരം ശ്മശാനത്തിനടുത്താണ് ആൺ ഡോൾഫിൻ്റെ ജഡം കണ്ടെത്തിയത്. പെൺ ഡോൾഫിന് രണ്ടേകാൽ മീറ്റർ നീളവും 100 കിലോയോളം ഭാരവുമുണ്ട്. ആഴത്തിലുള്ള മുറിവേറ്റ് കുടൽമാല പുറത്ത് ചാടിയ നിലയിലായിരുന്നു. ആൺ ഡോൾഫിന് ഒന്നര മീറ്റർ നീളവും 40 കിലോ തൂക്കവുമുണ്ട്. തലയ്ക്ക് പരിക്കേറ്റ് ഒരു വശത്തെ കണ്ണ് തകർന്ന നിലയിലായിരുന്നു.

കപ്പലിൻ്റെയോ ബോട്ടിൻ്റെയോ പ്രൊപ്പല്ലർ തട്ടി പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം നടത്തിയ കണ്ണൂർ ജില്ലാ വെറ്ററിനറി ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. പത്മരാജ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് വെറ്ററിനറി സർജൻ ഡോ. ദിവ്യയും പങ്കെടുത്തു.ഫോറസ്റ്റ് റേഞ്ച് ഓഫീസർ സബീന, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. പ്രദീപൻ, വൈൽഡ് ലൈഫ് റെസ്ക്യൂർ മാരായ സന്ദീപ്, അനിൽ, ജിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ ജഡങ്ങൾ മറവ് ചെയ്‌തു.

Exit mobile version