Site iconSite icon Janayugom Online

ലക്ഷദ്വീപിൽ വളര്‍ത്തു മ‍ൃഗങ്ങള്‍ക്കും ദുരിതം; പ്രവർത്തനമില്ലാതെ മൃഗസംരക്ഷണ കേന്ദ്രങ്ങൾ

ലക്ഷദ്വീപ് ജനതയോടുള്ള ദ്രോഹ നടപടികൾക്കു പുറമെ, മിണ്ടാപ്രാണികളെയും ദുരിതത്തിലാക്കി ദ്വീപ് ഭരണകൂടം. മൃഗസംക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കിയാണ് ക്രൂരത.

അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ സംഘപരിവാറുകാരനായ പ്രഫുൽ പട്ടേൽ ദ്വീപ് ജനതയോടു പകപോക്കാൻ തലതിരിഞ്ഞ പരിഷ്കാരങ്ങളാണ് അടിച്ചേൽപ്പിച്ചത്. അതിന്റെ ഭാഗമായിരുന്നു മൃഗസംരക്ഷണ വകുപ്പിലെ കരാർ ജീവനക്കാരെ ഒറ്റയടിക്കു പിരിച്ചുവിട്ട നടപടി. അതോടെ, കവരത്തി ദ്വീപ് ഒഴികെ ലക്ഷദ്വീപിലെ മറ്റ് ഒൻപത് ദ്വീപുകളിലെയും മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ച മട്ടായി.

10 ദ്വീപുകളിലെയും സേവനത്തിനായി അവശേഷിച്ചത് രണ്ടേ രണ്ടു മൃഗഡോക്ടർമാർ മാത്രം. ഇതോടെ, ആയിരക്കണക്കായ പൗൾട്രികർഷകരുടെയും നാൽക്കാലികളെ വളർത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന അനേകരുടെയും നിത്യവൃത്തിയുടെ വഴിയടഞ്ഞു.

വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ആവശ്യത്തിനു ചികിത്സയും മിണ്ടാപ്രാണികൾക്കു നിഷേധിക്കപ്പെട്ടതോടെ, അവയെ വളർത്തി ഉപജീവനം കഴിക്കുക ഉടമകൾക്കു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പലരും മറ്റു തൊഴിലുകൾ തേടാനും തുടങ്ങി.

തീർത്തും ഗൗരവതരമായ ഈസ്ഥിതി വിവരിച്ച് ദ്വീപ് നിവാസികൾ പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതിന്റെ ഫലമായി, ദ്വീപ് സമൂഹങ്ങളിലെ മൃഗസംരക്ഷണ കേന്ദ്രങ്ങളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കണമെന്ന് മാർച്ച് 31- ന് കോടതി ഉത്തരവിട്ടെങ്കിലും ഭരണകൂടം പാലിച്ചില്ല.

പകരം, കവരത്തി ദ്വീപിലെ രണ്ട് ഡോക്ടർമാർക്ക് മറ്റ് ഒൻപത് ദ്വീപിലെയും അധികച്ചുമതല നൽകി കോടതിയുടെ കണ്ണിൽ പൊടിയിടുകയായിരുന്നു. ഡോക്ടർമാരുടെ ജോലിഭാരം കൂട്ടാൻ മാത്രമേ പൊടിക്കൈ പ്രയോജനപ്പെട്ടുള്ളു.

രണ്ട് ഡോക്ടർമാർ എല്ലാ ദ്വീപിലും എത്തിച്ചേരുക എന്നത് എളുപ്പമല്ല. വിധി നടപ്പാക്കാൻ മടിക്കുന്നതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാൻ ദ്വീപ് നിവാസികൾ ഒരുങ്ങുകയാണെന്ന് സിപിഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സിടി നജ്മുദ്ദീൻ പറഞ്ഞു.

നീതിതേടി ദ്വീപ് ജനത നിത്യവുമെന്നോണം കോടതിയെ സമീപിക്കണം എന്നതാണ് നിലവിലെ സ്ഥിതി. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണകാര്യത്തിൽ വരെ കോടതി ഇടപെടൽ വേണ്ടി വന്നു.

പുറം ലോകവുമായുള്ള ദ്വീപുകാരുടെ ബന്ധം നിരോധിക്കുക, സമരം ചെയ്യുന്നതിൽ നിന്നു വിദ്യാർത്ഥികളെ വിലക്കുക തുടങ്ങിയ ദ്രോഹ നടപടികളുമായി മുന്നോട്ടു പോവുകയാണ് ദ്വീപ് ഭരണകൂടം. എതിർ ശബ്ദമുയർത്തുന്നവരെ കളക്കേസുകളിൽ കുടുക്കുന്നതും പതിവ്.

ഇതുവരെ സംഭവിച്ചിട്ടില്ലാത്ത വിധം ദ്വീപിൽ പെട്രോൾ ക്ഷാമവും രൂക്ഷമാണ്. കെടുകാര്യസ്ഥത മൂലം കപ്പൽ — ചാർജ് സർവീസുകൾ തകിടം മറിഞ്ഞതോടെയാണ്, ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും കാറുകൾക്കും റേഷനായി നൽകിയിരുന്ന പെട്രോളിന്റെ വിതരണവും അവതാളത്തിലായത്.

Eng­lish summary;Domestic ani­mals also suf­fer in Lakshadweep

You may also like this video;

Exit mobile version