ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിച്ചും അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചും കേരളത്തിന്റെ ആരോഗ്യ പരിരക്ഷാ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ലൈഫ് സയൻസ് മേഖലയിലെ വിദഗ്ധരെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് കെഎസ്‌ഐഡിസി കോവളത്ത് സംഘടിപ്പിക്കുന്ന ‘ബയോ കണക്ട് കേരള 2023’ ഇൻഡസ്ട്രിയൽ കോൺക്ലേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വ്യവസായമേഖലയിൽ അത്യാധുനിക സാങ്കേതികത വികസിപ്പിക്കാൻ പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കും. പ്രവർത്തനക്ഷമമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിച്ചും മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിലും രോഗനിർണയ മികവിലും കേരളത്തെ കേന്ദ്രസ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ പ്രകൃതിവിഭവങ്ങളുടെ സമ്പന്നത ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് അനുയോജ്യമാണ്. ഇതിന്റെ പ്രയോജനം സമൂഹത്തിന്റെ എല്ലാ തട്ടിലും ലഭിക്കുംവിധം ഈ മേഖലയെ പരിപോഷിപ്പിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ സ്നേഹിൽ കുമാർ സിങ്, കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി, ഡിഎസ്‍ടി മുൻ സെക്രട്ടറി പ്രൊഫ. ടി രാമസ്വാമി, എയിംസ് ബയോടെക്നോളജിസ്റ്റ് പ്രൊഫ. ടി പി സിങ്, കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്ക് ഡയറക്ടർ ഡോ. സി എൻ രാംചന്ദ് എന്നിവർ സംസാരിച്ചു.
ലൈഫ് സയൻസ് മേഖലയിലെ വിദഗ്ധർ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്കൊപ്പം ഈ മേഖലയിലെ മുൻനിര കമ്പനികൾ, ഗവേഷണ‑വികസന സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവർ ഉൾപ്പടെ 300 പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഈ രംഗത്തെ നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും ഉല്പന്നങ്ങളും പരിചയപ്പെടുത്തുന്ന 45 സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കോൺക്ലേവ് ഇന്ന് സമാപിക്കും.
English Summary; Domestic production will be promoted in health sector: Minister P Rajeev
You may also like this video