Site iconSite icon Janayugom Online

ഗാര്‍ഹിക പീഡന കേസുകൾ
ജില്ലയിൽ കുറയുന്നു

ജില്ലയില്‍ ഗാര്‍ഹിക പീഡനങ്ങള്‍ കുറയുന്നതായി കണക്കുകള്‍. വനിതാ ശിശുവികസന വകുപ്പിന് മുന്നിലെത്തുന്ന പരാതികള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ താരതമ്യേന കുറഞ്ഞിട്ടുണ്ട്. പൈനാവില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംരക്ഷണ ഓഫിസ്, സഖി വണ്‍സ്റ്റോപ്പ് സെന്റര്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 2024 ല്‍ ആകെ 596 ഗാര്‍ഹിക പീഡന പരാതികളാണ് ലഭിച്ചതെന്ന് വനിതാ സംരക്ഷണ ഓഫിസര്‍ എ. എസ് പ്രമീള പറഞ്ഞു. 

സേവന കേന്ദ്രങ്ങളില്‍ 145, വനിതാ സംരക്ഷണ ഓഫിസില്‍ 263, സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ 188 എന്നിങ്ങനെ പരാതികളുണ്ട്. 2022 ല്‍ 540, 2023 ല്‍ 626 എന്നിങ്ങനെയായിരുന്നു പരാതികളുടെ എണ്ണം. ഈ വര്‍ഷം മാര്‍ച്ച് വരെ 72. പരാതികളില്‍ കൂടുതലും ലഹരി ഉപയോഗം കാരണമുള്ള ആക്രമണങ്ങളാണ്. മാനസിക ആരോഗ്യക്കുറവ് കാരണമുണ്ടാകാറുള്ള പീഡനങ്ങളുമുണ്ട്. ഭാര്യമാരെ സംശയം, അമിത നിയന്ത്രണം തുടങ്ങിയവ ഉദാഹരണങ്ങളാണ്. കുട്ടികളോടുള്ള പെരുമാറ്റത്തിലെ അപാകതകളും പരാതികളിലുണ്ട്. സ്ത്രീധനം സംബന്ധിച്ച പരാതികള്‍ മറ്റ് ജില്ലകളേക്കാള്‍ കുറവാണ്. ബലാത്സംഗ പരാതികളും കുറവ്. കുട്ടികള്‍ മൊബൈള്‍ ഫോണിന് അടിമപ്പെടുന്നത് വര്‍ധിക്കുന്നതായും നിരീക്ഷിച്ചിട്ടുണ്ട്. പ്രണയ വിവാഹങ്ങള്‍ക്ക് ശേഷം വളരെ ചെറിയ കാലയളവിനുള്ളില്‍ പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 

പുറത്തുവരുന്ന പരാതികളേക്കാള്‍ ഒരുപാട് സംഭവങ്ങള്‍ വീടുകളില്‍ ഒതുങ്ങുന്നുണ്ട്. ആത്മവിശ്വാസക്കുറവും നിയമ അജ്ഞതയുമാണ് കാരണം. ഇതിനായി ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ജില്ലയിലെ എസ്ടി പ്രൊമോട്ടര്‍മാര്‍ക്ക് ബോധവല്‍ക്കണ ക്ലാസുകള്‍ നല്‍കി. തുടര്‍ന്ന് ഈ മേഖലയില്‍നിന്ന് കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സഖി വണ്‍ സ്റ്റോപ്പ് സെന്ററിലൂടെ സ്കൂള്‍, കോളജ്, അങ്കണവാടി തലങ്ങളിലും ബോധവല്‍ക്കരമുണ്ട്. പരാതി ലഭ്യമായാല്‍ വകുപ്പ് രണ്ടുകൂട്ടരെയും വിളിച്ചുവരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തും. കൗണ്‍സിലിങ്ങാണ് ആവശ്യമെന്ന് തോന്നിയാല്‍ അത് ലഭ്യമാക്കും. ഇവയ്ക്കൊന്നും തയാറായില്ലെങ്കില്‍ നിയമ നടപടിക്കായി പരാതിക്കാരിയുടെ സമ്മതത്തോടെ കോടതിയിലേക്ക് വിടും. നിയമസഹായം സൗജന്യമാണ്. കഴിഞ്ഞവര്‍ഷം 94 കേസുകള്‍ കോടതിയിലേക്ക് വിട്ടു. 236പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി. 94പേര്‍ക്ക് അഭയ കേന്ദ്രമൊരുക്കി. ജില്ലയില്‍ കട്ടപ്പന സെന്റ് ജോണ്‍ ഓഫ് ഗോഡ്, പൈനാവ് കുയിലിമല ആശ്രയ എന്നിങ്ങനെ രണ്ട് അഭയകേന്ദ്രങ്ങളുണ്ട് (ഷെല്‍ട്ടര്‍ ഹോം). തൊടുപുഴ സേവിയര്‍ ഹോം, അടിമാലി സോപാനം, കുമളി വെസാര്‍ഡ് എന്നിവയും വനിതാ വികസന കൗണ്‍സിലിന് കീഴില്‍ ചെറുതോണിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രമുള്‍പ്പെടെ നാല് സേവന കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. 

Exit mobile version