Site iconSite icon Janayugom Online

ഗാര്‍ഹിക പീഡനം: സംരക്ഷണ ഉദ്യോഗസ്ഥരെ നിയമിക്കണം

ഗാർഹിക പീഡനത്തിനിരയായ സ്ത്രീകളെ സഹായിക്കാനും ശാക്തീകരിക്കാനുമായി സംരക്ഷണ ഉദ്യോഗസ്ഥരെ നിയമിക്കാൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സുപ്രീം കോടതിയുടെ നിര്‍ദേശം. വനിതാശിശു വികസന വകുപ്പിലെ ജില്ലാ, താലൂക്ക് തലങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാവും ഇതിനായി നിയമിക്കുക. ജസ്റ്റിസുമാരായ ബിവി നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. സ്ത്രീകള്‍ക്കെതിരായ പീഡന കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ‘വീ ദി വിമൻ ഓഫ് ഇന്ത്യ’ എന്ന സന്നദ്ധ സംഘടന സമർപ്പിച്ച ഹർജിയിലാണ് നടപടി.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ, വനിതാ-ശിശു/സാമൂഹികക്ഷേമ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവര്‍ സംരക്ഷണ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് നിര്‍ദേശം. ആറ് ആഴ്ചയ്ക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ബെഞ്ച് നിർദേശിച്ചു. ഗാർഹിക പീഡന നിയമത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ വ്യവസ്ഥകൾ പ്രകാരമാണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കായി സഹായ ഗ്രൂപ്പുകൾ, ഷെൽട്ടർ ഹോമുകൾ, സൗജന്യ നിയമ സഹായം എന്നിവ സംസ്ഥാനങ്ങൾ ഉറപ്പാക്കണം. 

Exit mobile version