പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്നും ഇയാൾ ജർമ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന് ജർമ്മൻ പൗരത്വമുണ്ടെന്ന് അമ്മ ഉഷാകുമാരി പറഞ്ഞിരുന്നു. എന്നാല്‍ രാഹുലിന് ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്ന് കണ്ടെത്തി. ജർമ്മനിയിലുള്ള പ്രതിയെ തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനെ സമീപിക്കാനാണ് ശ്രമം നടത്തുന്നത്. തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ഇന്റര്‍പോൾ വഴി റെഡ് കോർണർ നോട്ടീസ് ഇറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇയാൾക്കായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയ സാഹചര്യത്തിൽ ഇതിന്റെ പുരോഗതി അറിഞ്ഞ ശേഷം നടപടിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
എന്നാല്‍ പ്രതിയെ നാട്ടിലെത്തിക്കുന്നത് വൈകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇയാളെ നാടുവിടാന്‍ സഹായിച്ചതിന് അറസ്റ്റിലായ സുഹൃത്ത് പി രാജേഷിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു. രാഹുൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. 12ന് കേസെടുത്തശേഷം വിട്ടയച്ചപ്പോഴാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. 14ന് ഒളിവിൽ പോയ പ്രതി, ബംഗളൂരു വഴി വിദേശത്തേക്ക് പോയെന്നാണ് പൊലീസ് പറയുന്നത്. താൻ രാജ്യം വിട്ടതായി വീഡിയോ സന്ദേശത്തിലൂടെ രാഹുൽ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്ന് രേഖപ്പെടുത്തിയില്ല. നോട്ടീസ് നൽകിയെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായില്ല. അമ്മയ്ക്ക് അസുഖമാണെന്നും എത്താൻ കഴിയില്ലെന്നും ഇരുവരും പൊലിസിനെ അറിയിക്കുകയായിരുന്നു. വീണ്ടും നോട്ടിസ് നൽകുമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയെ ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ തന്നെ രാഹുൽ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്നും ഉഷാകുമാരിയും സുഹൃത്തായ രാജേഷും കൂടെയുണ്ടായിരുന്നുവെന്നുമാണ് മൊഴി. വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാഡ്‌ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തുമെന്നും യുവതി നേരിട്ടത് ക്രൂരമായ പീഡനമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
English Summary:domestic violence; The investigation team said that the claim that Rahul is a German citizen is a lie
You may also like this video