Site iconSite icon Janayugom Online

എപ്‌സ്റ്റീനുമായുള്ള ബന്ധം വീണ്ടും നിഷേധിച്ച് ഡോണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് യാതൊരുവിധ അവിഹിത ബന്ധവുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും താൻ പൂർണ നിരപരാധിയാണെന്നും ട്രംപ് ആവർത്തിച്ചു. എപ്‌സ്റ്റീന്റെ വിമാനത്തിൽ യാത്ര ചെയ്തവരുടെ ലിസ്റ്റിലും മറ്റും തന്റെ പേര് വന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപ് ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് എപ്‌സ്റ്റീനെ എനിക്കറിയാമായിരുന്നു എന്നത് സത്യമാണ്.
എന്നാൽ അയാളുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ എനിക്ക് പങ്കുണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. ഇക്കാര്യത്തിൽ നേരത്തെ നടന്ന അന്വേഷണങ്ങളിൽ ഞാൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതാണ് എന്നാണ് ട്രംപിന്റെ വാദം.
എപ്‌സ്റ്റീന്റെ ദ്വീപിലോ മറ്റ് സ്വകാര്യ പാർട്ടികളിലോ താൻ പോയിട്ടില്ലെന്നും തന്റെ രാഷ്ട്രീയ ശത്രുക്കൾ പടച്ചുവിടുന്ന നുണക്കഥകളാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലോറിഡയിലെ പാം ബീച്ചിൽ എപ്‌സ്റ്റീനെ കണ്ടിരുന്നെങ്കിലും വർഷങ്ങൾക്ക് മുൻപ് തന്നെ ആ ബന്ധം അവസാനിപ്പിച്ചതാണെന്നും ട്രംപ് വിശദീകരിച്ചു.

Exit mobile version