കോടതിയലക്ഷ്യത്തിന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രതിദിന പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി. ട്രംപിന്റെ ബിസിനസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി ചില രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
കോടതി ഉത്തരവ് ലംഘിച്ചതിനാണ് ഉത്തരവ് പാലിക്കുന്നത് വരെ പ്രതിദിനം 10,000 ഡോളര്‍ ( 7,64,755 രൂപ) പിഴയടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. ട്രംപ് അദേഹത്തിന്റെ ബിസിനസിനെ ഗൗരവമായി എടുക്കുന്നത് പോലെ കോടതി അതിന്റെ വ്യവഹാരങ്ങളെയും ഗൗരവമായാണ് പരിഗണിക്കുന്നതെന്നും ഉത്തരവ് പാലിക്കുന്നത് വരെ കോടതിയലക്ഷ്യത്തിന് പിഴ ചുമത്തണമെന്നും ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ പറഞ്ഞു. ട്രംപ് കോടതിയില്‍ ഹാജരായിരുന്നില്ല.
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസിന്റെ നേതൃത്വത്തില്‍ രണ്ട് വർഷത്തിലേറെയായി ട്രംപ് ഓർഗനൈസേഷനെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, സെയിൽസ് ആന്റ് മാർക്കറ്റിങ് എന്നീ മേഖലകളില്‍ പ്രവർത്തിക്കുന്ന ഒരു ബിസിനസ് കൂട്ടായ്മയാണ് ട്രംപ് ഓർഗനൈസേഷൻ. കൂട്ടായ്മയുടെ ഭാഗമായ കമ്പനികളുടെ പ്രധാന ഉടമയാണ് ട്രംപ്. വായ്പ ദാതാക്കള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നല്‍കിയ വ്യാജ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് ട്രംപ് ഓര്‍ഗനെെസേഷന്‍ വായ്പകളും നികുതിയിളവുകളും നേടിയതെന്ന് അറ്റോര്‍ണി ജനറന്‍ കണ്ടെത്തിയിരുന്നു.
English Summary:Donald Trump fined $ 10,000 a day
You may also like this video