രണ്ട് ന്യൂസ് ഏജൻസികൾക്ക് നിയന്ത്രണമേർപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റോയിട്ടേഴ്സിനും ബ്ലൂംബെർഗിനെയുമാണ് ട്രംപിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും പ്രസ്താവനകൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യം അസോസിയേറ്റ് പ്രസ്സിനും സമാന രീതിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രസ് പൂളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ അസോസിയേറ്റഡ് പ്രസ്സ് നൽകിയ കോടതിയലക്ഷ്യത്തിൽ ട്രംപ് ഭരണകൂടത്തിനെതിരെ കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിലെ ഫെഡറൽ ജഡ്ജി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിൻ്റെ പുതിയ തീരുമാനം.
ഓവൽ ഓഫീസിലെ മീറ്റിംഗുകള്‍ തത്സമയം റിപ്പോർട്ട് ചെയ്യാനും പ്രസിഡൻറിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും കഴിയുന്ന പത്തോളം സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് പ്രസ് പൂൾ. സ്വദേശത്തോ വിദേശത്തോ പ്രസിഡൻ്റ് യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തെ അനുഗമിക്കാനും അത് റിപ്പോർട്ട് ചെയ്യാനും നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും പ്രസ് പൂളിലുള്ള സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്.

