Site iconSite icon Janayugom Online

പാകിസ്ഥാന്‍ സൈനിക മേധാവി അസീം മുനീറിന് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കി ഡൊണാള്‍ഡ് ട്രംപ്

പാകിസ്ഥാന്‍ സൈനിക മേധാവി അസീം മുനീറിന് വൈറ്റ് ഹൈസില്‍ വിരുന്നൊരുക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉന്നത ഉദ്യോ​ഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാകിസ്ഥാന്‍ സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നാണ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.യുദ്ധത്തിന് പോകാത്തതിന് നന്ദി അറിയിക്കാനായാണ് അദേഹത്തെ ക്ഷണിച്ചതെന്ന് ട്രംപ് പറഞ്ഞു.

ഇന്ത്യയുമായി യുദ്ധത്തിന് പോകാത്തതിന് നന്ദി പറയാൻ വേണ്ടിയാണ് ഞാൻ അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നത്. പ്രധാനമന്ത്രി മോഡിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയും പാകിസ്ഥാനുമായി ഒരു വ്യാപാര കരാറിൽ എത്താൻ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആണവ യുദ്ധമാകാൻ സാധ്യതയുള്ള ഒരു യുദ്ധം തുടരേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചു. പാകിസ്ഥാനും ഇന്ത്യയും രണ്ട് വലിയ ആണവ ശക്തികളാണ് ട്രംപ് പറഞ്ഞു.

ആണവായുധ യുദ്ധം തടഞ്ഞതിന് യുഎസ് പ്രസിഡന്റിനെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യണമെന്ന് അസിം മുനീർ പറഞ്ഞതിന് പിന്നാലെയാണ് ട്രംപ് വിരുന്നൊരുക്കിയത്. അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ച പതിവ് നയതന്ത്ര മാർഗങ്ങളിലൂടെയല്ല സംഘടിപ്പിച്ചതെന്നും, ഉപദേശകർ, ബിസിനസുകാർ, മറ്റ് സ്വാധീനമുള്ള വ്യക്തികൾ എന്നിവരുടെ ശ്രമങ്ങളുടെ ഫലമായാണെന്നും പാക് മാധ്യമമായ ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം അസിം മനുനീറുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയിൽ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിഷേധിച്ചതിന് പിന്നാലെയാണ് അസിം മുനീറുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്.

Exit mobile version