രണ്ടാം സംവാദത്തിനുള്ള ക്ഷണം നിരസിച്ച് റിപബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. എന്നാൽ പരാജയ ഭീതിമൂലമാണ് ട്രംപ് സംവാദത്തിൽ പങ്കെടുക്കാത്തതെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ആരോപണം. പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസുമായി രണ്ടാമതും സംവാദം നടത്താൻ സിഎൻഎൻ ആണ് ഡോണാൾഡ് ട്രംപിനെ ക്ഷണിച്ചത്. എന്നാൽ, കമല ക്ഷണം സ്വീകരിച്ചപ്പോൾ ട്രംപ് നിരസിക്കുകയായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി കമലഹാരിസിന്റെ വിജയ സാധ്യത വർധിച്ചുവെന്ന് വിവിധ സർവ്വേ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു .ഡോണാൾഡ് ട്രംപുമായുള്ള സംവാദങ്ങൾ കമല ഹാരിസിന് ഗുണം ചെയ്തുവെന്നായിരുന്നു സർവേ റിപ്പോർട്ടുകൾ. നിലവിലെ വിവിധ സർവേകൾ പ്രകാരം ഡോണൾഡ് ട്രംപ് വിജയിക്കാനുള്ള സാധ്യത 39 ശതമാനം മാത്രമാണെങ്കിൽ കമല ഹാരിസിന്റെ സാധ്യത 61 ശതമാനത്തിലേക്ക് ഉയർന്നു. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ ട്രംപിനായിരുന്നു മുൻതൂക്കം. എന്നാൽ പിന്നീട് പോരാട്ടം ഇഞ്ചോടിഞ്ചായി . തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന 538 മോഡലുകളിൽ മുൻതൂക്കം ഇപ്പോൾ കമല ഹാരിസിനാണ്. ഇപ്സോസ്-റോയിട്ടേഴ്സ് പോൾ പ്രകാരം ഒരു ശതമാനവും ആർഎംജി റിസേർച്ച് പോളിങ് അനുസരിച്ച് രണ്ട് പോയിന്റും മോണിങ് കൺസൾട്ടന്റ് പ്രകാരം രണ്ട് പോയിന്റും ബിഗ് വില്ലേജിന്റെ പോൾ പ്രകാരം ഒരു ശതമാനവും സോകാൾ സ്ട്രാറ്റജീസ് പ്രകാരം ഒരു പോയിന്റിന്റെ നേട്ടവും കമല ഹാരിസിനുണ്ട്. ദേശീയതലത്തിൽ നടത്തുന്ന പോളുകളിൽ കമലഹാരിസിന് ഡോണാൾഡ് ട്രംപിനേക്കാൾ 2.9 പോയിന്റ് നേട്ടമുണ്ട്. സംവാദത്തിന് മുമ്പ് ഇത് 2.5 ശതമാനമായിരുന്നു. 0.4 ശതമാനം അധികനേട്ടം ഉണ്ടാക്കാൻ സംവാദത്തിന് ശേഷം കമല ഹാരിസിന് സാധിച്ചിരുന്നു. ഒക്ടോബർ 23നാണ് സിഎൻഎൻ സംവാദം നടത്താൻ നിശ്ചയിച്ചിരുന്നത്. സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ചതായി കമല ഹാരിസ് എക്സ് അക്കൗണ്ടിലൂടെ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഡോണാൾഡ് ട്രംപും സംവാദത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കമല ഹാരിസ് പറഞ്ഞു.