Site iconSite icon Janayugom Online

എഫ്ബിഐ ഏജന്റുമാര്‍ തന്റെ വീട്ടിലെ അലമാര കുത്തിത്തുറന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്

തന്റെ വീട്ടില്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച റെയ്ഡ് നടത്തി എന്ന് ഡൊണാള്‍ഡ് ട്രംപ്. മാര്‍ എ ലാഗോയിലുള്ള തന്റെ വീട്ടില്‍ ഒരു കൂട്ടം എഫ്ബിഐ ഏജന്റുമാര്‍ തിങ്കളാഴ്ച റെയ്ഡ് നടത്തി. ഏജന്റുമാര്‍ തന്റെ വീട്ടിലെ അലമാര കുത്തിത്തുറന്നുവെന്നും ട്രംപ് ആരോപിച്ചു. ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് നിയമ വകുപ്പും വാഷിങ്ടണിലെ എഫ്ബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉദ്യോഗസ്ഥരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

വൈറ്റ് ഹൗസില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ രേഖകള്‍ ട്രംപ് പെട്ടികളിലാക്കി ഫ്‌ലോറിഡയിലുള്ള ക്ലബ്ബിലേക്ക് കടത്തിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കണ്ടെത്തുന്നതിന് വേണ്ടിയിട്ടായിരുന്നു റെയ്ഡ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. റെയ്ഡ് നടക്കുന്ന സമയത്ത് ട്രംപ് ക്ലബ്ബില്‍ ഉണ്ടായിരുന്നില്ലെന്നും സെര്‍ച്ച് വാറന്റ് ഉള്ളതിനാല്‍ എഫ്ബിഐ ക്ലബ്ബില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘തനിക്കെതിരേ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഈ റെയ്ഡ് അനാവശ്യമാണ്. അവര്‍ അലമാര തകര്‍ത്തു’ ട്രംപ് പറഞ്ഞു.

2021ല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയ ട്രംപ് പാം ബീച്ചിലുള്ള ക്ലബ്ബില്‍ താമസിച്ചു വരികയായിരുന്നു. വൈറ്റ് ഹൗസില്‍ നിന്ന് മാറ്റിയ പ്രസിഡന്‍ഷ്യല്‍ രേഖകള്‍ കണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പ്രാഥമികാന്വേഷണം നിയമ വകുപ്പ് ഏപ്രില്‍ മുതല്‍ തന്നെ ആരംഭിച്ചിരുന്നതായാണ് വിവരം.

Eng­lish sum­ma­ry; Don­ald Trump says FBI agents broke into his closet

You may also like this video;

Exit mobile version