Site icon Janayugom Online

അധിനിവേശത്തിന് സാധ്യതയുള്ള അടുത്ത പ്രദേശം തായ്വാനായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

ഉക്രെയ്‌നിലെ സംഭവവികാസങ്ങള്‍ ചൈനീസ് പ്രസിഡന്റ് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ടാകുമെന്നും അധിനിവേശത്തിന് സാധ്യതയുള്ള അടുത്ത പ്രദേശം തായ്വാനായിരിക്കുമെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക ചെയ്ത മണ്ടത്തരം ചൈന നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും അവര്‍ തായ്വാന്‍ ആക്രമിക്കാന്‍ പോകുകയാണെന്നും ഫോക്സ് ബിസിനസ്സിന് പ്രത്യേകമായി നല്‍കിയ അഭിമുഖത്തിലാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.

പ്രസിഡണ്ട് ഷി ബുദ്ധിയുള്ള ആളാണ്, അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കന്‍ പൗരന്മാരെ അവിടെ ഉപേക്ഷിച്ചു നമ്മള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയത് അദ്ദേഹം കണ്ടു. ഇപ്പോഴും പ്രശ്നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു, അദ്ദേഹം അത് കാണുന്നുണ്ട്. ഇതാണ് ഷീയ്ക്ക് ആഗ്രഹിക്കുന്നത് ചെയ്യാനുള്ള അവസരം- യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരായ ആക്രമണം ശക്തമാക്കിക്കൊണ്ട് ട്രംപ് പറഞ്ഞു.

ഉക്രെയ്‌നില്‍ നിരവധി ആളുകള്‍ മരിക്കുന്നുവെന്നും ഇത് സംഭവിക്കാന്‍ നമ്മള്‍ അനുവദിക്കുകയാണെന്നും ട്രംപ് പറഞ്ഞു. താന്‍ ഇപ്പോഴും പ്രസിഡന്റായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനുണ്ടായിരുന്നുവെങ്കില്‍ പുടിന്‍ ഒരിക്കലും ഇത് ചെയ്യുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ ഭരണകാലത്ത് ഉക്രെയ്‌ന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയെന്നും എന്നാല്‍ ബൈഡന്‍ ഇത് കുറച്ചെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യ ഉക്രെയ്‌നോടുചെയ്യുന്നതുപോലെ സ്വയംഭരണപ്രദേശമായ തയ്വാനില്‍ അധിനിവേശം നടത്താന്‍ ചൈനീസ് സേന ശ്രമിക്കാനിടയുണ്ടെന്ന് പലരും വിലയിരുത്തിയിരുന്നു.

Eng­lish sum­ma­ry; Don­ald Trump says Tai­wan will be the next area like­ly to be invaded

You may also like this video;

Exit mobile version