ആഞ്ഞടിച്ച ദാന ചുഴലിക്കാറ്റിൽ ഒഡിഷയിലും പശ്ചിമബംഗാളിലും കനത്ത നാശനഷ്ടം. ഇരുസംസ്ഥാനങ്ങളിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡിഷയിൽനിന്ന് 10 ലക്ഷം ആളുകളെയും പശ്ചിമ ബംഗാളിൽനിന്ന് 2.82 ലക്ഷത്തിലധികം ആളുകളെയും ഒഴിപ്പിച്ചതിനാല്‍ വലിയ തോതിലുള്ള ജീവാപായം ഒഴിവാക്കാനായി.
മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ഒഡിഷയിലെ കേന്ദ്രപാറ ജില്ലയിലെ ഭിതാർക്കനികയ്ക്കും ഭദ്രക്കിലെ ധമ്രയ്ക്കും ഇടയിലാണ് കര തൊട്ടത്. ജഗത്‌സിംഗ്പൂർ, കേന്ദ്രപാറ, ഭദ്രക്, ബാലസോർ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. കേന്ദ്രപാര, ഭദ്രക്, ബാലസോർ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
ബംഗാളിൽ വടക്ക്, തെക്ക് 24 പർഗാനാസ്, പുർബ, പശ്ചിമ മേദിനിപൂർ, ജാർഗ്രാം, കൊൽക്കത്ത, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. ഝാര്‍ഖണ്ഡിന്റെ വിവിധ മേഖലകളിലും കനത്ത മഴ പെയ്തു. കൊല്‍ക്കത്ത എസ്എസ് കെഎം ആശുപത്രി, മുന്‍സിപ്പല്‍ ഓഫിസ് എന്നിവിടങ്ങളില്‍ വെള്ളം കയറിയത് ഓഫിസ് പ്രവര്‍ത്തനത്തെ ബാധിച്ചു.
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം 15 മണിക്കൂർ നിർത്തിവച്ചിരുന്നു. കാറ്റ് ദുര്‍ബലമായതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാംരഭിച്ചു. 400ലധികം ട്രെയിനുകൾ റദ്ദാക്കി.രണ്ട് സംസ്ഥാനങ്ങളിലെയും ദുരിതബാധിത പ്രദേശങ്ങളിൽ സ്കൂളുകളും കോളജുകളും മൂന്നുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ചുഴലിക്കാറ്റിന്റെ ശക്തി ഇന്നലെ നേരിയ തോതില്‍ ദുര്‍ബലമായെങ്കിലും വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ ഡയറക്ടര്‍ ജനറല്‍ മൃത്യുജ്ഞയ് മൊഹപത്ര അറിയിച്ചു. ഇരു സംസ്ഥാനങ്ങളോടും ഇന്നും നാളെയും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.