Site iconSite icon Janayugom Online

സാന്റിയാഗോ മാര്‍ട്ടിന്റെ ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കരുത്: ഇഡിയോട് സുപ്രീംകോടതി

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ് ടോപ് തുടങ്ങിയവയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കരുതെന്നാണ് ഇഡിയോട് സുപ്രീംകോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. സ്വകാര്യത മൗലിക അവകാശമാണെന്ന വാദം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.മാര്‍ട്ടിന്റെ കുടുംബത്തിന്റെയും ലാപ്‌ടോപില്‍ നിന്ന് വിവരം ചോര്‍ത്തരുതെന്നും പകര്‍ത്തരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളിലെ ഡാറ്റ പരിശോധിക്കുന്നതിനായി ഓഫീസില്‍ ഹാജരാവണമെന്ന ഇ ഡി സമന്‍സും കോടതി റദ്ദാക്കിയിട്ടുണ്ട്.സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം ഇഡി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 12.41 കോടി കണ്ടെടുത്തിരുന്നു. ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.

മുംബൈ, ദുബായ്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കണക്കില്‍പ്പെടാത്ത വന്‍ നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തിയെന്നും ഇഡി അവകാശപ്പെട്ടിരുന്നു. റെയ്ഡിനെ തുടര്‍ന്ന് സാന്റിയാഗോ മാര്‍ട്ടിന്റെ 6.42 കോടിയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചിരുന്നു.

Exit mobile version