Site iconSite icon Janayugom Online

കൂരിമണ്ണിൽ തറവാട്ടുമുറ്റത്ത് നാട് ഒത്തുചേർന്നു

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിനുള്ള ഊർജവും ആശയാടിത്തറയും പകർന്ന 1939 മേയിലെ കെപിസിസിയുടെ സമ്മർക്യാമ്പിന് വേദിയായ മലപ്പുറം മങ്കട പള്ളിപ്പുറത്തെ കൂരിമണ്ണിൽ തറവാടിന്റെ തിരുമുറ്റം ഇന്ന് ആ ചരിത്രസംഭവം വീണ്ടും അയവിറക്കി. വിപ്ലവവീര്യത്തിന് തിരികൊളുത്തിയ ഓർമ്മകളിൽ, കൂരിമണ്ണിൽ വിലങ്ങുപ്പുറം വീട്ടുമുറ്റത്ത് ധീരമായ ചരിത്രമുറപ്പിച്ച ഓർമ്മമരം വേരുറപ്പിച്ചു. സിപിഐ രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാവിൻ തൈ നട്ടു. കൂരിമണ്ണിലെ പിൻതലമുറക്കാരായ കുഞ്ഞുമുഹമ്മദ് എന്ന മാനുവും കുടുംബാംഗങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും നാട്ടുകാരും ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. 

സാമ്രാജ്യത്വത്തിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെല്ലാം എതിരായി ഒരു കാലത്ത് സമൂഹത്തെ ചിന്തിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തവർ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്നോ എന്നത് പ്രസക്തമല്ല. ആ ധീരന്മാരുടെ സമർപ്പണത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ബഹുമാനിക്കുന്നു. അവരുടെയെല്ലാം പൈതൃകമാണ് പാർട്ടിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അതിശക്തമായ സമരങ്ങൾ നടന്ന പള്ളിപ്പുറത്തെ സ്കൂളിനുള്ള പുസ്തകങ്ങളുടെ വിതരണവും പ്രദേശത്തെ മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും പി പി സുനീർ എംപി നിർവഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി, പി ടി ഷറഫുദ്ദീൻ, വളണ്ടിയറായ ചെക്കുണ്ണി, ഷമീർ എന്നിവര്‍ സംസാരിച്ചു. സമ്മർ ക്യാമ്പിൽ പങ്കെടുത്ത പെരുമ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ കുറിപ്പുകള്‍ ചെറുമകൻ ഡോ. അനൂപ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൈമാറി. 

Exit mobile version