ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഇസ്രയേലിനെ സഹായിക്കാൻ ശ്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. സഹായിക്കാൻ ശ്രമിച്ചാല്‍ ഈ രാജ്യങ്ങളുടെ സൈനിക താവളങ്ങളും നാവിക സൗകര്യങ്ങളും ആക്രമിക്കപ്പെടുമെന്നും ഇറാൻ ഭീഷണിപ്പെടുത്തി. അതേസമയം, ഇറാനിലെ സുപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ സൈന്യം സജ്ജമാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. “ഓപ്പറേഷൻ റൈസിംഗ് ലയണിന്റെ” ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പ്രമുഖ ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെയും വിദഗ്ധരെയും വകവരുത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇന്റലിജൻസ് ഡയറക്ടറേറ്റ് ശേഖരിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ മിസൈൽ വിക്ഷേപണം തുടർന്നാൽ “ടെഹ്‌റാൻ കത്തിയെരിയുമെന്ന്” ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് ശനിയാഴ്ച മുന്നറിയിപ്പ് നൽകി. സൈനിക മേധാവിയുമായുള്ള വിലയിരുത്തൽ യോഗത്തിന് ശേഷം സംസാരിച്ച അദ്ദേഹം, ഇസ്രയേൽ പൗരന്മാരെ ദ്രോഹിച്ചതിന് ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. ഇതിനിടെ, ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് ഇറാൻ അവകാശപ്പെട്ടു. ടെൽ അവീവിലെ വിവിധയിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

