Site iconSite icon Janayugom Online

പകര്‍ച്ചപ്പനി ലക്ഷണം അവഗണിക്കരുത്; ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പകര്‍ച്ചപനി ചികിത്സയ്ക്കായുള്ള മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗികള്‍ക്ക് ചികിത്സയില്‍ എലിപ്പനി പ്രതിരോധവും ഉറപ്പ് വരുത്തും. ഏത് പനിയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പനി വന്നാല്‍ എലിപ്പനിയാണെന്ന് ഉപ്പ് വരുത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ക്യാമ്പുകളിലുള്ളവര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വെള്ളത്തിലിറങ്ങുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലകളുടെ അവലോകനം നടത്തി. എല്ലാ ക്യാമ്പുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തി. എല്ലാ ജില്ലകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളില്‍ കോവിഡ് പ്രതിരോധം തുടരണം. എല്ലാവരും മാസ്‌ക് ധരിക്കണം. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.

മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ സജ്ജമാണ്. രോഗികള്‍ കൂടുതല്‍ എത്തുകയാണെങ്കില്‍ അതനുസരിച്ച് കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ ഇപ്പോഴേ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലകളില്‍ ഡോക്‌സിസൈക്ലിന്‍, ജീവിതശൈലീ മരുന്നുകള്‍, ആന്റിവെനം, ഐഡിആര്‍വി., ഇമ്മ്യൂണോഗ്ലോബുലിന്‍, ഒആര്‍എസ് എന്നിവ ഉറപ്പ് വരുത്തണം. ക്യാമ്പുകളില്‍ പനിയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. ആന്റിജന്‍ കിറ്റുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പ്രളയബാധിത മേഖലയിലും ട്രൈബല്‍ മേഖലയിലുമുള്ള ഗര്‍ഭിണികളെ പ്രത്യേകം ശ്രദ്ധിക്കണം.

Eng­lish Summary:Don’t ignore flu symp­toms; Health Min­is­ter to update the treat­ment guidelines
You may also like this video

Exit mobile version