Site icon Janayugom Online

ഗുസ്തി താരങ്ങളുടെ പരാതി അവഗണിക്കരുത്; കേന്ദ്രത്തിനെതിരെ ബിജെപി എംപി പ്രീതം

ഗുസ്തി താരങ്ങളുടെ പരാതിയിൽ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് ബിജെപി എംപി. മഹാരാഷ്ട്രയിലെ ബീഡ് നിയോജക മണ്ഡലത്തിൽ നിന്നുള്ള വനിതാ എംപി പ്രീതം മുണ്ടെയാണ് കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്.

ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതിൽ ഉടൻ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഒരിക്കലും ഗുസ്തി താരങ്ങളുടെ പരാതി അവഗണിക്കരുത്. ഇതൊരു അന്താരാഷ്ട്ര വിഷയമായി മാറിക്കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലല്ല, വനിത എന്ന നിലയിലാണ് ഇത് പറയുന്നതെന്നും പ്രീതം മുണ്ടെ പറഞ്ഞു. ബ്രിജ് ഭൂഷണെതിരെയുള്ള പരാതിയിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഗുസ്തി താരങ്ങളുടെ സമരം ബിജെപിയില്‍ വ്യാപിക്കുന്ന വന്‍ പൊട്ടിത്തെറിയാണ് സൃഷ്ടിക്കുന്നത്. മധ്യപ്രദേശില്‍ പാര്‍ട്ടിയും സര്‍ക്കാരും രണ്ട് തട്ടിലാണ്. സംസ്ഥാന പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. രാജ്യവ്യാപകമായി കര്‍ഷകരും തൊഴിലാളികളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.

ഇന്നലെ ഉത്തർപ്രദേശിലെ മുസഫർ നഗറിൽ മഹാഖാപ് പഞ്ചായത്ത് യോഗം ചേർന്ന് മാസങ്ങളായി സമരമിരിക്കുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യയിൽ കർഷകരുടെ പ്രതിഷേധം ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഗുസ്തി താരങ്ങളുടെ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ കർഷകർ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ജൻ സംവാദ് പരിപാടി പലയിടത്തും കർഷകർ തടഞ്ഞിട്ടുണ്ട്. സിർസ ജില്ലയിലെ പരിപാടിയിൽ വനിതാ സർപഞ്ച് ഖട്ടറിന് നേരെ ദുപ്പട്ട വലിച്ചെറിഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Eng­lish Summary:Don’t ignore the com­plaints of wrestlers; BJP MP Pri­tam against Centre

You may also like this video

Exit mobile version