പാർലമെന്റ് വളപ്പിലുള്ള ഗാന്ധിജി, ഡോ. അംബേദ്കർ, ശിവജി എന്നിവരുടെ പ്രതിമകൾ മാറ്റി സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ നടപടിയിൽ സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പ്രതിഷേധിച്ചു. എങ്ങോട്ടാണ് ഇവ മാറ്റുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവ ലോഹവും സിമന്റും ഇഷ്ടികകളും ചേർന്ന വെറും പ്രതിമകളല്ല, വിമോചനത്തിനും സമത്വത്തിനും വേണ്ടി നമ്മുടെ രാജ്യം നടത്തിയ പോരാട്ടത്തിന്റെ പ്രതീകങ്ങളാണ്. സ്വാതന്ത്ര്യ പോരാട്ടത്തിലും നിയമനിര്‍മ്മാണത്തിലും പ്രവര്‍ത്തിച്ച, രാജ്യത്തിന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ച വ്യക്തികൾക്കുള്ള അംഗീകാരം എന്ന നിലയിലാണ് എസ് എ ഡാങ്കെ, ഭൂപേഷ് ഗുപ്ത, എ കെ ഗോപാലൻ, ഇന്ദ്രജിത് ഗുപ്ത തുടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ഉൾപ്പെടെയുള്ളവരുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തെ ശക്തമായി എതിർത്തിരുന്നവരുടെ പാരമ്പര്യം ഇല്ലാതാക്കുന്നതിനാണ് അതേ പ്രത്യയശാസ്ത്രത്താൽ നിയന്ത്രിക്കപ്പെടുന്ന സർക്കാർ ശ്രമിക്കുന്നത്. ഡോ. അംബേദ്കറെയും ഗാന്ധിജിയെയും പതിറ്റാണ്ടുകളായി പ്രധാനമന്ത്രിയുടെ പാർട്ടിയും മാതൃസംഘടനയും അവഗണിച്ചതിന്റെ ഫലമായി കൂടിയാണ് ഇന്ത്യയിലെ ജനങ്ങൾ ബിജെപിയെ തിരസ്കരിക്കുന്നതിന് കാരണമായതെന്ന് ബിനോയ് വിശ്വം കത്തില്‍ പറഞ്ഞു. നമ്മുടെ ചരിത്രത്തെയും ദേശീയ നേതാക്കളുടെ പ്രതിമകള്‍ക്കായി നീക്കിവച്ച സ്ഥലങ്ങളെയും ഇല്ലാതാക്കരുതെന്നും അദ്ദേഹം കത്തില്‍ അഭ്യർത്ഥിച്ചു.
English Summary:Don’t move Gandhi, Ambedkar statues: Binoy Viswam
You may also like this video