Site iconSite icon Janayugom Online

ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ പൂട്ടി; എങ്ങോട്ടുപോണമെന്നറിയാതെ എണ്‍പതോളം ജീവനക്കാര്‍

സാങ്കേതികവിദ്യ കാലോചിതമാക്കാനെന്നപേരില്‍ ഒന്നാംതീയതി പ്രവര്‍ത്തനം അവസാനിപ്പിച്ച ദൂരദര്‍ശന്‍ കേന്ദ്രങ്ങളിലെ എണ്‍പതോളം ജീവനക്കാരുടെ പുനര്‍വിന്യാസം അനിശ്ചിതത്വത്തില്‍.

ഭൂതലസംപ്രേഷണം അവസാനിപ്പിച്ച്‌ അടച്ചുപൂട്ടിയ കൊച്ചി, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട നിലയങ്ങളിലെ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് ജോലിയും ഓഫീസും ഇല്ലാതെ വീടുകളില്‍ കഴിയുന്നത്. ഓഫീസ് പൂട്ടലിനൊപ്പം ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഉത്തരവ് വന്നിട്ടില്ല.

ഡയറക്ടര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, ക്ലര്‍ക്ക്, പ്യൂണ്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്കാണ് പണിയില്ലാതായത്. നാലിടത്തുമായി നൂറോളം ജീവനക്കാരുണ്ട്. കുറച്ചുപേര്‍ക്ക് ആകാശവാണിയിലേക്കും മറ്റും നേരത്തേ പുനര്‍നിയമനം കിട്ടി. മറ്റുള്ളവരെ കേന്ദ്രങ്ങള്‍ പൂട്ടുന്നതോടെ പുനര്‍വിന്യസിക്കുമെന്നാണ് പ്രസാര്‍ഭാരതിയുടെ ഉത്തരവുകളില്‍ പറഞ്ഞിരുന്നത്. ഒക്ടോബര്‍ 31 അവസാന പ്രവൃത്തിദിവസമായി നേരത്തേ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍, ഏതാനും ദിവസം മുമ്ബുമാത്രമാണ് ജീവനക്കാരുടെ പുനര്‍വിന്യാസം തീരുമാനിക്കാന്‍ സമിതിയെ നിയോഗിച്ചത്.

നിലയം അടച്ചുപൂട്ടിയതോടെ പ്രയാസത്തിലായ ജീവനക്കാര്‍ പുനര്‍വിന്യാസവും അനിശ്ചിതത്വത്തിലായതോടെ സമ്മര്‍ദത്തിലാണ്. സംസ്ഥാനത്തുതന്നെ പുനര്‍നിയമനം ഉണ്ടാകാനിടയില്ലെന്നതാണ് ഒരുകാരണം. അത്രയും ഒഴിവുകള്‍ ഇവിടെയില്ല. പുനര്‍വിന്യാസം കാക്കുന്ന ജീവനക്കാരില്‍ 80 ശതമാനവും രണ്ടോ മൂന്നോ വര്‍ഷംകൂടിമാത്രം സര്‍വീസ് ശേഷിക്കുന്നവരാണ്. രാജ്യത്താകെ രണ്ടായിരത്തിലേറെ ദൂരദര്‍ശന്‍ ജീവനക്കാരെയാണ് പരിഷ്കാരത്തിന്റെ ഭാഗമായി പുനര്‍വിന്യസിക്കുന്നത്. സ്വയംവിരമിക്കല്‍ പദ്ധതികളും പരിഗണനയില്‍ ഇല്ല.

അസോസിയേഷന്‍ ഓഫ് റേഡിയോ ആന്‍ഡ് ദൂരദര്‍ശന്‍ എംപ്ലോയീസ് ജീവനക്കാരുടെ പരാതികളുമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂറിനെ നേരില്‍ കാണാന്‍ ശ്രമിച്ചിട്ടും അനുമതി നല്‍കിയിട്ടില്ല.കാലോചിതമായി ദൂരദർശനെ പരിഷ്കരിക്കാതെ സ്വകാര്യ ചാനലുകൾക്ക് വഴിയൊരുക്കി കൊടുത്ത ശേഷം ജീവനക്കാരെ ബലിയാടാക്കുകയാണ് എന്ന ആരോപണം ശക്തമാണ് .

Eng­lish Sum­ma­ry: Door­dar­shan cen­ters closed; Eighty employ­ees did not know where to go

You may like this video also

Exit mobile version