Site iconSite icon Janayugom Online

ഗ്രാമവണ്ടികള്‍ക്ക് ഡബിള്‍ ബെല്‍; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദന്‍ നിര്‍വഹിച്ചു

കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ​ഗ്രാമവണ്ടി സര്‍വീസുകള്‍ക്ക് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം പാറശ്ശാലയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ​ഗോവിന്ദൻ നിര്‍വഹിച്ചു. കൊല്ലയിൽ ​ഗ്രാമ പഞ്ചായത്ത് സ്പോൺസർ ചെയ്ത ​ഗ്രാമവണ്ടിയുടെ ആദ്യ സര്‍വീസ് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.

കേരള ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് ​ഗ്രാമവണ്ടി പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് ​മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. ഒരു പഞ്ചായത്തില്‍ ബസ് പോകുന്ന എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ​ഗ്രാമവണ്ടി സർവീസ് നടത്തുക. യാത്ര വളരെ ആവശ്യമുള്ളതാണ്. ലോകത്തെ അടുപ്പിക്കുന്നത് തന്നെ യാത്രയാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ജനപങ്കാളിത്തത്തോടെ ഗ്രാമവണ്ടി സർവീസ് നടപ്പാക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ​ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാ​ഗത സൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഗ്രാമവണ്ടി.

സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലിനുള്ള തുക മാത്രം തദ്ദേശ സ്ഥാപനങ്ങൾ നൽകിയാൽ മതിയാകും. സ്റ്റേ ബസുകള്‍ വേണ്ടി വന്നാല്‍ ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിങ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചിലവ് കെഎസ്ആർടിസിയും വഹിക്കും.

തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ​ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂർ എന്നിവിടങ്ങളിലും ഓ​ഗസ്റ്റ് മാസത്തിൽ ​​ഗ്രാമവണ്ടികളുടെ സർവീസ് ആരംഭിക്കും.

Eng­lish sum­ma­ry ;dou­ble bell for vil­lage carts; State lev­el inau­gu­ra­tion was done by Min­is­ter MV Govindan

You may also like this video;

Exit mobile version