മൂന്നാറില്‍ സീസണ്‍ കഴിഞ്ഞതോടെ പൊതുവേ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞെങ്കിലും മാട്ടുപ്പെട്ടി, എക്കോ പോയിന്റ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ധാരാളം പേര്‍ എത്തുന്നുണ്ട്.കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ്സിൽ കയറി വിവിധ കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്യാനും ഹരിതാഭ ആസ്വദിക്കാനും ധാരാളം പേരെത്തുന്നുണ്ട്. നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
വരയാടുകളുടെ പ്രജനനം മുൻനിർത്തി ഒന്നുമുതൽ രണ്ട് മാസത്തേയ്‌ക്ക് രാജമല അടച്ചതോടെ മൂന്നാറിലെത്തുന്ന സഞ്ചാരികൾ മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ തുടങ്ങിയ ഭാഗങ്ങളിലേക്കാണ് പോകുന്നത്. പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവട, പഴത്തോട്ടം മേഖലകളിലും സന്ദർശക തിരക്ക് അനുഭവപ്പെടുന്നു. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, കെഎഫ്ഡിസി റോസ് ഗാർഡൻ, മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റ്, ഹൈഡൽ പാർക്ക് എന്നിവടങ്ങളിലും തിരക്ക് കാണപ്പെട്ടു. പുതിയതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് മൂന്നാർ ഡിപ്പോയിൽ നിന്നും ആരംഭിച്ച് കൊച്ചി–- ധനുഷ്ക്കോടി ദേശീയ പാതയിലൂടെ ദേവികുളം, ലാക്കാട് ഗ്യാപ്, പെരിയ കനാൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങും.