ആലപ്പുഴയിൽ ബിജെപി, എസ്ഡിപിഐ നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നത ഗൂഢാലോചന നടന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവർ കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരല്ലെന്നും കൊലപാതകികളെ സഹായിച്ചവരാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് സാഖറെ ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി തെരച്ചിൽ നടക്കുന്നുണ്ട്. ആലപ്പുഴയിൽ ബിജെപി, എസ്ഡിപിഐ പ്രവർത്തകരുടെ 350 ലേറെ വീടുകളിൽ പൊലീസ് തെരച്ചിൽ നടത്തി. ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ നേതാവിന്റെ കൊലപാതകം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യാണ് അന്വേഷിക്കുന്നത്. ബിജെപി നേതാവിന്റെ കൊലപാതകം അന്വേഷിക്കുന്നത് ആലപ്പുഴ ഡിവൈഎസ് പിയും.
എസ്ഡിപിഐ ക്കാരെ മാത്രം തെരഞ്ഞു പിടിച്ച് റെയ്ഡ് നടത്തുന്നു എന്ന സർവകക്ഷി യോഗത്തിലെ ആരോപണം തെളിയിച്ചാൽ ചുമതല ഒഴിയാമെന്നും പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് ജയ് ശ്രീറാം എന്ന് വിളിപ്പിച്ചെന്ന് തെളിയിച്ചാൽ പൊലീസ് ഉദ്യോഗം രാജിവയ്ക്കാമെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികളായവരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം എന്ന് വിളിപ്പിക്കാൻ ശ്രമിച്ചുവെന്നും അനുസരിക്കാത്തവരെ ക്രൂരമായി മർദ്ദിച്ചുവെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷറഫ് മൗലവി ആരോപിച്ചിരുന്നു.
english summary; Double murder Alappuzha; High conspiracy behind
you may also like this video;