2024ലെ തെരഞ്ഞെടുപ്പില്‍ ജില്ലാ വരണാധികാരി കൂടിയായിരുന്ന തൃശൂരിലെ മുൻ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയ്ക്ക് ഇരട്ട വോട്ടെന്ന് സിപിഐ നേതാവ് വി എസ് സുനിൽകുമാർ. അദ്ദേഹത്തിന്റെ സ്വദേശമായ ആന്ധ്രാപ്രദേശിലും തൃശൂരിലും വ്യത്യസ്ത ഐഡികളില്‍ കൃഷ്ണതേജയ്ക്ക് വോട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ എല്ലാം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടവരുടെ അവസ്ഥ ഇതാണെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണതേജയ്ക്ക് ആന്ധ്ര, പൽനാട് ജില്ലയിൽ നരസരപ്പേട്ട് ലോക്‌സഭ മണ്ഡലത്തിലെ 190-ാം ബൂത്തിലും തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ ജവഹർ ബാലഭവൻ പോളിങ് ബൂത്തിലും വോട്ടുണ്ടായിരുന്നു. നിലവിൽ ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഓഫിസറായി പ്രവർത്തിക്കുന്ന കൃഷ്ണതേജയുടെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷണത്തിന് വിധേയമാക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു. 2024ലെ തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക ചട്ടപ്രകാരമല്ല തയ്യാറാക്കിയിരിക്കുന്നത്. ഈ വോട്ടർ പട്ടിക റദ്ദാക്കണം. ആർഎസ്എസ്, ബിജെപി ആസൂത്രണം വോട്ടർപട്ടിക ക്രമക്കേടിൽ കാണാം. കശ്മീരിൽനിന്നും വേണമെങ്കിൽ വോട്ടുകൊണ്ടുവന്ന് ചേർക്കും എന്ന ബിജെപി നേതാക്കളുടെ ധാർഷ്ഠ്യത്തിന് പിന്നിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പിന്തുണ ഉള്ളതുകൊണ്ടാണ്. തൃശൂരിലെ പല സംഭവങ്ങളും ദുരൂഹമാണ്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവർക്കും അനിയനും തൃശൂരിലും തിരുവനന്തപുരത്തും വോട്ട് ഉണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണം.
തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമത്വം നടത്തിയതായി ഇതിനോടകം തെളിവുകള്‍ സഹിതം വിവരങ്ങള്‍ പുറത്തുവന്നിട്ടും കമ്മിഷന്‍ യാതൊരുവിധ നിയമനടപടികളും സ്വീകരിച്ചിട്ടില്ല. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറിയും എൽഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി മണ്ഡലം സെക്രട്ടറിയുമായിരുന്ന അഡ്വ. കെ ബി സുമേഷ് നല്‍കിയ വിവരാവകാശ പ്രകാരമുള്ള അപേക്ഷയിന്മേല്‍ ലഭ്യമായ മറുപടി സംശയകരമാണ്. 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വ്യക്തി ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളില്‍ വോട്ടറായിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നതിനാല്‍, കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്കെതിരെ ഇലക്ഷന്‍ കമ്മിഷന്‍ നോട്ടീസ് അയച്ചതായി കാണുന്നു. ഇതേ രീതിയില്‍ നിരവധി ബിജെപി നേതാക്കള്‍ക്ക് ഒരേസമയം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും വോട്ടര്‍പട്ടികയില്‍ പേരുള്ളതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇലക്ഷന്‍ കമ്മിഷന്‍ സ്വീകരിച്ചിട്ടില്ല. ഇത് ഇരട്ടത്താപ്പാണെന്നും ഇതിനെല്ലാം മറുപടി വേണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു.
സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍, അഡ്വ. കെ ബി സുമേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

