ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ യുവതിയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം ആരോപിച്ചാണ് മനീഷ(28) ചൊവ്വാഴ്ച രാത്രി ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവും കുടുംബവുമാണെന്ന് മനീഷ ശരീരമാസകലം പേന കൊണ്ട് എഴുതിവെച്ചിരുന്നു. ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചും സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ മാനസിക സമ്മർദങ്ങളെക്കുറിച്ചും പറയുന്ന ഒരു വീഡിയോയും പോലീസ് കണ്ടെടുത്തു. ഇരുപത് ലക്ഷം രൂപയും ഒരു ബുള്ളറ്റ് ബൈക്കും സ്ത്രീധനമായി നൽകിയതിന് ശേഷവും വരന്റെ കുടുംബം കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചിരുന്നതായും, വിസമ്മതിച്ചപ്പോൾ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായും യുവതി വീഡിയോയിൽ പറയുന്നുണ്ട്. മരിക്കുന്നതിന് നാലുദിവസം മുമ്പ് യുവതിയുടെ വീട്ടുകാർ വിവാഹമോചനത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. എന്നാൽ നൽകിയ സ്ത്രീധനം തിരികെ ലഭിക്കാതെ വിവാഹമോചന രേഖകളിൽ ഒപ്പിടില്ലെന്ന് മനീഷ പറഞ്ഞു. പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്ത്രീധനപീഡനം; ശരീരത്തിൽ ആത്മഹത്യാക്കുറിപ്പെഴുതി യുവതി ജീവനൊടുക്കി

