Site iconSite icon Janayugom Online

സ്ത്രീധനത്തര്‍ക്കം: ബധിരനും മൂകനുമായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തു

SyamaSyama

ആറന്മുളയിൽ നാലു വയസുള്ള മകളുമായി ബധിരയും മൂകയുമായ യുവതി തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇയാളും ബധിരനും മൂകനുമാണ്. ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലേടത്ത് അരുൺ (35) ആണ് അറസ്റ്റിലായത്. ഭാര്യ ശ്യാമ (28), മകൾ ആദിശ്രീ (നാല്) എന്നിവരുടെ മരണത്തിൽ, ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അരുണിനെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടും മൂന്നും പ്രതികളായ അരുണിന്റെ പിതാവ് വിശ്വനാഥൻ, മാതാവ് രുക്മിണി എന്നിവർ അറസ്റ്റിലാണ്.

ആത്മഹത്യാ പ്രേരണയ്ക്ക് പുറമേ സ്ത്രീധന പീഡനക്കുറ്റവും ചുമത്തിയിട്ടുണ്ട്. അഞ്ചു വർഷവും ആറു മാസവും മുമ്പാണ് അരുണിന്റെയും തിരുവനന്തപുരം സ്വദേശിനിയായ ശ്യാമയുടെയും വിവാഹം നടന്നത്. മേയ് ആറിന് പുലർച്ചെയാണ് വീടിന്റെ ഒന്നാം നിലയിലെ കിടപ്പു മുറിയിൽ ശ്യാമ ആദിശ്രീയെയും കൂട്ടി തീ കൊളുത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആദിശ്രീ മേയ് 13 നും ശ്യാമ 14 നും മരിച്ചു.

മാതാപിതാക്കൾ ബധിരരും മൂകരുമായിരുന്നെങ്കിലും കുഞ്ഞിന് സംസാരശേഷിയുണ്ടായിരുന്നു. വീട്ടിൽ സംഭവിച്ചത് എന്താണെന്ന് അറിയാൻ കുട്ടിയുടെ മൊഴി എടുക്കാൻ ശ്രമിച്ചിരുന്നു. ആറിന് പുലർച്ചെ മൂന്നിന് ഇരുനില വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ തീ പടർന്നത് അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തീപടർന്നത് കണ്ട് അടുത്ത മുറിയിലുണ്ടായിരുന്ന ഭർത്താവ് അരുണും അച്ഛനും അമ്മയും വാതിൽ ചവിട്ടിത്തുറന്ന് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ അരുണിനും പൊള്ളലേറ്റു. പൊള്ളലേറ്റവരെ അരുണിന്റെ പിതാവ് വിശ്വനാഥനും മാതാവ് രുക്മിണിയും ചേർന്ന് ആദ്യം കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി മജിസ്ട്രേട്ട് ആദിശ്രീയുടെ മൊഴി രേഖപ്പെടുത്തുകയും ശ്യാമയിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശ്യാമ സംഭവത്തിന് ഏതാനും ദിവസം മുൻപാണ് സ്വന്തം വീട്ടിൽ പോയ ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയത്. സംഭവം നടക്കുന്നതിന് തലേന്ന് രാത്രി മകൾ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി അരുണും ശ്യാമയുമായി വഴക്ക് നടന്നിരുന്നു. കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് അരുൺ ചോദ്യം ചെയ്തു. തുടർന്ന് മകളെയും കൂട്ടി ശ്യാമ മറ്റൊരു മുറിയിൽ കതകടച്ച് കിടക്കുകയായിരുന്നു. തീപിടിച്ച മുറിയിൽ മണ്ണെണ്ണയുടെ സാന്നിധ്യം ഫോറൻസിക് സംഘം കണ്ടെത്തിയിരുന്നു. ശ്യാമയോട് സ്ത്രീധനം കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി അരുണും മാതാപിതാക്കളും വഴക്കിട്ടിരുന്നുവെന്നാണ് പിതാവിന്റെ പരാതി. ശ്യാമയുടെ പേരിലുള്ള സ്വത്ത് വിറ്റു കൊണ്ടു വന്ന് കൊടുക്കണമെന്നായിരുന്നു ആവശ്യം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Eng­lish Sum­ma­ry: Dowry dis­pute: Woman and child com­mit sui­cide after being abused by deaf and dumb husband

You may like this video also

Exit mobile version