Site icon Janayugom Online

കൊച്ചിയിലെ സ്ത്രീധന പീഡനം: തുടരന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കോടതിയിൽ

സ്ത്രീധനത്തെ ചൊല്ലി കൊച്ചിയിൽ യുവതിയെയും അച്ഛനെയും ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കോടതിയിൽ. ചളിക്കവട്ടം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ആണ് ഹർജി.യുവതിയുടെ ഭർത്താവ് ജിപ്സൺ ഇയാളുടെ പിതാവ് പീറ്റർ, മാതാവ് ജൂലി എന്നിവരാണ് കേസിലെ പ്രതികൾ. എറണാകുളം നോർത്ത് പൊലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചില്ലെന്നും ദുർബലമായ വകുപ്പുകൾ ചേർത്തു പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്നു എന്നും ഹർജിയിൽ ആരോപണം ഉണ്ട്. പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തിരുന്നില്ല. പകരം പിതാവിൻ്റെ കാലു തല്ലിയൊടിച്ചു എന്നതായിരുന്നു കേസ്. അതും ദുർബലമായ വകുപ്പുകൾ ചുമത്തി. യുവതിക്ക് ഭർതൃവീട്ടിൽ ഏൽക്കേണ്ടിവന്ന പീഡനങ്ങളെ അടിസ്ഥാനമാക്കിയുള്ള വകുപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസെടുത്തത്. ഹർജി എറണാകുളം ജില്ലാ കോടതി പരിഗണിക്കും.

സ്ത്രീധന പീഡന പരാതിയിൽ നടപടി വൈകുന്നതിനെതിരെ യുവതിയും രംഗത്ത് വന്നിരുന്നു. പരാതിയിൽ കേസെടുത്ത് ഒരാഴ്ചയായിട്ടും പ്രതികളെ ചോദ്യം ചെയ്തിട്ടില്ലെന്നും പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ കേസ് അട്ടിമറിക്കാൻ ഇടപെടുന്നതായും പീഡനത്തിനിരയായ പെൺകുട്ടി ആരോപിച്ചിരുന്നു. പരാതിക്കാരിയായ യുവതിയെ സന്ദർശിച്ച കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി പോലീസിനെ നിശിതമായി വിമർശിച്ചിരുന്നു. ആദ്യ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമ വകുപ്പുകൾ ചേർക്കാത്ത നടപടിയെയും അവർ ചോദ്യം ചെയ്തിരുന്നു.

തിരുവനന്തപുരത്തെ മുഖ്യ ഓഫിസിൽ നേരിട്ടത്തി വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വനിതാ കമ്മീഷനു മുന്നിൽ ഹാജറായയി നിലവിലെ കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ സർക്കിൾ സിബി ടോമാണ് വനിതാ കമ്മീഷനു മുന്നിൽ ഹാജറായി വിശദീകരണം നൽകിയത്. ഇതിന് ശേഷമാണ് അറസ്റ്റ് നടന്നത്.

ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്ത പച്ചാളം സ്വദേശി ജിപ്സൺ മകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത ഭാര്യാപിതാവിന്റെ കാലു തല്ലി ഒടിക്കുകയും ചെയ്തിരുന്നു. ആദ്യ പരാതിയിൽ നടപടി എടുക്കാത്ത പൊലീസ് വീണ്ടും കേസെടുത്തെങ്കിലും ഇരയായ പെൺകുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുപ്പ് ഇപ്പോഴും തുടരുകയാണ്. ഇതിനിടെ പെൺകുട്ടിയുടെ ഭർത്താവും മാതാപിതാക്കളും മുൻ‌കൂർ ജാമ്യപേക്ഷ നൽകി. പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ ഇടപെടുന്നതിനാലാണ് അറസ്റ്റ് നടക്കാത്തതെന്ന് പെൺകുട്ടി ആരോപിച്ചു. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷൻ കൗൺസിലും ആരോപിച്ചു. ആദ്യ പരാതിയിൽ നടപടിയെടുക്കാത്തതിന് വനിത കമ്മീഷനും പോലീസിനെ വിമർശിച്ചിരുന്നു.

ENGLISH SUMMARY:Dowry harass­ment in Kochi: Action com­mit­tee in court seek­ing fur­ther inquiry
You may also like this video

Exit mobile version