Site iconSite icon Janayugom Online

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതൻ അന്തരിച്ചു

A AchuthanA Achuthan

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്ര അധ്യാപകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന ബിലാത്തിക്കുളം അമൂല്യത്തിൽ ഡോ. എ അച്യുതൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിൽസയിരിക്കെ ഉച്ചയോടെയാണ് അന്ത്യം.
വിസ്കോൺസ് സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും മദ്രാസ് ഐഐടി യിൽ നിന്ന് ഡോക്ടറേറ്റും നേടി. പൊതുമരാമത്ത് വകുപ്പിലും തൃശൂർ, തിരുവനന്തപുരം എൻജിനിയറിങ് കോളേജുകളിലും കോഴിക്കോട് റീജിയണൽ എഞ്ചിനിയറിങ് കോളേജിലും അധ്യാപകനായിരുന്നു. കലിക്കറ്റ് സർവകലാശാലയിൽ ഡീൻ, അക്കാദമിക് സ്റ്റാഫ്, കോളേജ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
യുജിസി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, കേരള സംസ്ഥാന പ്ലാനിങ് ബോർഡ് എന്നിവയുടെ വിദഗ്ദ സമിതികളിലും വിവിധ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ്, ഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ എന്നിവയിലും അംഗമായിരുന്നു. പ്ലാച്ചിമട ജനകീയ അന്വേഷണ കമീഷൻ, എൻഡോസൾഫാൻ അന്വേഷണ കമ്മീഷൻ തുടങ്ങിയവയിൽ അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രഗതി, ഒരേ ഒരു ഭൂമി എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. പത്ത് പുസ്തകങ്ങളും നൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരിസ്ഥിതിപഠനത്തിന് ഒരാമുഖം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: സുലോചന. മക്കൾ: ഡോ. അരുൺ (കാനഡയിൽ വിഎൽഎസ്ഐ ഡിസൈൻ എൻജിനീയർ), ഡോ. അനുപമ എ മഞ്ജുള (മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ പാത്തോളജി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ). സഹോദരങ്ങൾ: സത്യഭാമ (തൃശൂർ), ഡോ. എ ഉണ്ണികൃഷ്ണൻ ( നാഷനൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫി ലാബ് ഡയറക്ടർ).

Eng­lish Sum­ma­ry: Dr. A Achuthan passed away

You may like this video also

Exit mobile version