ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ്(എഎഫ്എംഎസ്) ഡയറക്ടർ ജനറലായി വൈസ് അഡ്മിറൽ ഡോ. ആരതി സരിൻ ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. സായുധസേനയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്നത് എഎഫ്എംഎസ് ഡിജിയാണ്. പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആരതി 1985ലാണ് സേനയുടെ മെഡിക്കൽ വിഭാഗത്തിന്റെ ഭാഗമായത്. റേഡിയോ ഡയഗ്‌നോസിസിൽ എംഡിയും റേഡിയേഷൻ ഓങ്കോളജിയിൽ ഡിപ്ലോമയും നേടിയ ആരതി നാവിക, വ്യോമസേനകളുടെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ പദവിയും വഹിച്ചിട്ടുണ്ട്. കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിയമിച്ച കർമസമിതിയുടെ അധ്യക്ഷയായിരുന്നു.