ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബ്ദേകർ എക്സെലൻസി നാഷണൽ അവാർഡ് 2023 സുഭാഷ് ദാസിനു സമ്മാനിച്ചു. ഡൽഹി പഞ്ചശീൽ ആശ്രമത്തിലെ അബേദ്ക്കർ മണ്ഡപത്തിൽ വെച്ച് ഭാരതീയ ദളിത് അക്കാദമി ദേശീയ പ്രസിഡന്റ് ഡോ. എസ് പി സുമൻഷകർ ഇന്ത്യൻ റെയിൽവേ മുൻ ചെയർമാൻ രമേശ് ചന്ദ്ര ദത്ത എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി യു.എ.ഇയിലെ കലാസാംസ്കാരിക രംഗത്ത് കൃത്യമായ ഇടപെടലുകൾ നടത്തുന്ന സുഭാഷ് ദാസിന്റെ കലാ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. പിന്നോക്കവിഭാഗങ്ങളുടെ കലാസാംസ്കാരിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ളവരെ ഫേലോഷിപ്പിനും അവാർഡിനും പരിഗണിക്കുന്നുണ്ട്.
യുവകലാസാഹിതിയുടെ യു എ ഇ പ്രസിഡന്റ്, മലയാളം മിഷൻ അദ്ധ്യാപകൻ, നാടക പരിശീലകൻ എന്നീ നിലകളിൽ സജീവസാന്നിധ്യമാണ് സുഭാഷ് ദാസ്. അടിച്ചമർത്തപ്പെട്ടവൻ്റെയും പാർശ്വവല്ക്കരിക്കപ്പെടുന്നവരുടെയും വേദനകളും നിസ്സഹായതയും വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളാകുമ്പോൾ അതിനെതിരെയുള്ള ശബ്ദമുയർത്തലായി ഈ അടുത്തിടെ യു.എ.ഇയിൽ അരങ്ങേറിയ ഏകപാത്ര നാടകമാണ് പെരും ആൾ.
രമേശൻ ബ്ലാത്തൂരിൻ്റെ നോവലിനെ അടിസ്ഥാനമാക്കി രാവണൻ എന്ന അസുര രാജാവിനെ പെരും ആളായി അരങ്ങിലവതരിപ്പിച്ച സുഭാഷ്, ധാരാളം ആനുകാലിക സംഭവങ്ങളെയും ചെറുനാടകമാക്കി അവതരിപ്പിക്കാറുണ്ട്.
നിരവധി പുരസ്കാരങ്ങൾ നേടിയ എം ഓ ഇ എന്ന ഹ്രസ്വ ചിത്രമടക്കം നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനേതാവായും, സംവിധായകനായും കഴിവു തെളിയിച്ച കലാകാരനാണ് സുഭാഷ് ദാസ്. തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശിയാണ്. സുധി സുഭാഷ് (ഭാര്യ)
ശങ്കർദാസ്, ശ്രേയദാസ് എന്നിവരാണ് മക്കൾ. കെ പി എ സി, കഴിമ്പ്രം തിയ്യറ്റെഴ്സ് എന്നീ നാടക സംഘങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച സുഭാഷ് പ്രവാസ ലോകത്തും 25 വർഷത്തിലേറെയായി അരങ്ങിലെ നിറസാന്നിധ്യമാണ്.
English Summary: Dr. Ambedkar National Award presented to Subhash Das
You may also like this video