Site iconSite icon Janayugom Online

ഡോ. ഷഹനയുടെ മരണം; ഡോ. റുവൈസ് റിമാന്‍ഡില്‍

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി ഡോക്ടർ റുവൈസിനെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. റുവൈസിനെ സസ്പെൻഡ് ചെയ്തതായി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്.
സ്ത്രീധനത്തിന്റെ പേരില്‍ റുവൈസ് നടത്തിയ സമ്മർദമാണ് ഷഹനയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സസ്പെന്‍ഷന്‍.

ഇന്നലെ പുലർച്ചെ കൊല്ലം കരുനാ​ഗപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നേരത്തേ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും ഇതാണ് ഷഹന ജീവനൊടുക്കാൻ കാരണമെന്നും ഷഹനയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. 

കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് വഴങ്ങിയില്ല. പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം പറഞ്ഞു. റുവൈസിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കും. പിടിച്ചെടുത്ത ഫോണ്‍ പരിശോധിച്ചെങ്കിലും ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണുള്ളത്. ഈ സാഹചര്യത്തിലാണ് സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുന്നത്. 

Eng­lish Summary:Dr. Death of Shah­na; Dr. Ruwais remanded
You may also like this video

Exit mobile version