Site icon Janayugom Online

ഡോ. വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ജെ എസ് രഞ്ജിത്തിന്റെ കുടുംബത്തിന് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കും.

കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴില്‍ കാവാലിപ്പുഴ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ എസ് ആര്‍ രാജേഷ്‌കുമാറിന്റെ ഭാര്യ എന്‍.കെ ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ തനതു ഫണ്ടില്‍ നിന്നും അനുവദിക്കാനും തീരുമാനിച്ചു.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും

സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പരിപാടികളില്‍ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രധാന പരിപാടികളിലാണ് ഇവരുടെ സേവനം ഉപയോഗിക്കുക.

കേള്‍വി വൈകല്യമുള്ള ധാരാളം ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ അതത് വകുപ്പുകള്‍ക്ക് ആംഗ്യഭാഷ വ്യാഖ്യാതാക്കളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. മണിക്കൂറിന് 1000 രൂപ നിരക്കില്‍ ഹോണറേറിയം അനുവദിക്കും.

ട്രോളിംഗ് നിരോധനം

കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ 9 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും.

കേരള പുരസ്‌കാരം-മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

പുരസ്‌കാര നിര്‍ണ്ണയ സമിതികളായ പ്രാഥമിക പരിശോധനാ സമിതി, ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിവ സര്‍ച്ച് കമ്മിറ്റിയായി കൂടി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കും. ആവശ്യമെങ്കില്‍ ഉചിത വ്യക്തികളെ പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യുന്നതിന് പ്രസ്തുത സമിതികളെ ചുമതലപ്പെടുത്താവുന്നതാണ്.

പത്മാ പുരസ്‌കാരങ്ങള്‍ (പത്മവിഭൂഷണ്‍/പത്മഭൂഷന്‍/പത്മശ്രീ) നേടിയിട്ടുള്ളവരെ കേരള പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കില്ല. സംസ്ഥാനത്ത് പത്തുവര്‍ഷമെങ്കിലും താമസിച്ചുവരുന്ന/താമസിച്ചിരുന്ന ഭാരത പൗരന്മാരെ പരിഗണിക്കും.

കരട് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സ്വകാര്യ ഭൂമി ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് മുഖാന്തിരം ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഏറ്റെടുത്ത് നല്‍കുന്നതിന് പട്ടികജാതി / പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പുറപ്പെടുവിച്ച കരട് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.

പകരം ഭൂമി അനുവദിക്കും

ഭൂരഹിതരായ മല്‍സ്യതൊഴിലാളികള്‍ക്ക് വീടുവെച്ച് നല്‍കുന്നതിനുള്ള ഭവനപദ്ധതിയായ പുനര്‍ഗേഹം നടപ്പിലാക്കുന്നതിന് 36. 752 സെന്റ് സ്ഥലം വിട്ടുനല്‍കിയ തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിന് പകരം ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം പേട്ട വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 1790/സി 11 ല്‍ പ്പെട്ട 27.61 സെന്റ് സ്ഥലമാണ് സ്‌കൂളിന് നല്‍കുന്നത്.

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്‌കീം 2022 ല്‍ ഭേദഗതി വരുത്തും

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നത് കൂടൂതല്‍ സൗഹാര്‍ദ്ദപരമാക്കാന്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്‌കീം 2022 ല്‍ ഭേദഗതി വരുത്തും. സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന വീക്ഷണത്തോടെയാണ് ഭേദഗതി കൊണ്ടുവരുന്നത്.

സേവനവേതന പരിഷ്‌കരണം

കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോന്‍മെന്റ് സെന്ററിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത സേവനവേതന പരിഷ്‌കരണം വ്യവസ്ഥകള്‍ക്ക് വിധേയമായി നടപ്പാക്കാന്‍ തീരുമാനിച്ചു.

ഗവണ്‍മെന്റ് പ്ലീഡര്‍

മലപ്പുറം ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ടോം കെ. തോമസിനെ നിയമിക്കും.

സേവന കാലാവധി നീട്ടി

സംസ്ഥാന പോലീസ് കംപ്ലൈന്‍സ് അതോറിറ്റിയുടെ ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന്റെ സേവന കാലാവധി 31.05.2023 മുതല്‍ 3 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.

Eng­lish Summary;Dr. Van­dana and Ran­jith’s fam­i­ly will give finan­cial assis­tance by Government
You may also like this video

Exit mobile version